കൊച്ചി നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിലെ പരാതിക്കാരിയുടെ അഭിഭാഷകൻ ലൈംഗിക പരാമർശം നടത്തിയെന്നും യുവതി ആരോപിച്ചു. യുവതിയുടെ പരാതിയിൽ എറണാകുളം സിജെഎം കോടതി പൊലീസിനോട് കേസെടുക്കണമെന്ന് ഉത്തരവിട്ടു.

കൊച്ചി: ഭർത്താവ് പ്രതിയായ ബലാത്സംഗ കേസ് ഒത്തുതീർപ്പാക്കാൻ അഭിഭാഷകൻ വഴി പരാതിക്കാരി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടതായി മലപ്പുറം സ്വദേശിയായ യുവതി. കൊച്ചി നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിലെ പരാതിക്കാരിയുടെ അഭിഭാഷകൻ ലൈംഗിക പരാമർശം നടത്തിയെന്നും യുവതി ആരോപിച്ചു. യുവതിയുടെ പരാതിയിൽ എറണാകുളം സിജെഎം കോടതി പൊലീസിനോട് കേസെടുക്കണമെന്ന് ഉത്തരവിട്ടു.

മലപ്പുറം സ്വദേശിയായ യുവതിക്ക് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇൻസ്റ്റാ ഗ്രാമിൽ ഒരു മെസ്സേജെത്തി. എന്റെ പരാതിയിൽ കൊച്ചി നോർത്ത് പൊലീസ് നിങ്ങളുടെ ഭർത്താവിനെ ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നായിരുന്നു സന്ദേശം. യുവതിയുടെ ഭർത്താവുമൊത്തുള്ള ഫോട്ടോകൾ തെളിവായി പരാതിക്കാരി അയച്ചും നൽകി. ചിലതർക്കങ്ങളെ തുടർന്ന് മാസങ്ങളായി ഭർത്താവിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്ന യുവതി, വിവരമറിഞ്ഞ് ഉടൻ മലപ്പുറത്ത് നിന്നും കൊച്ചിയിലെത്തി. പരാതിക്കാരിയായി ആഴ്ചകളുടെ ബന്ധം മാത്രമാണ് ഉള്ളതെന്നും ബലാത്സംഗ കുറ്റം ചെയ്തിട്ടില്ലെന്നും ഭർത്താവ് പറഞ്ഞു. സഹായിക്കണമെന്ന അഭ്യർത്ഥനയിൽ യുവതി ഭർത്താവിനായി നിയമനടപടി ഉറപ്പാക്കി. ഒരു മാസത്തിൽ ജാമ്യം നേടിയെടുത്തു. 

എന്നാൽ, ദിവസങ്ങൾക്കുള്ളിൽ പരാതിക്കാരി യുവതിയെ വീണ്ടും ബന്ധപ്പെട്ടു. ഭർത്താവ് പ്രതിയായ കേസിൽ നിന്ന് പിന്മാറാൻ തയ്യാറാണ്. എന്നാൽ നഷ്ടപരിഹാരമായി പണം വേണം എന്നായിരുന്നു പരാതിക്കാരിയുടെ ആവശ്യം. ആദ്യം 5 ലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം. ഓഗസ്റ്റ് മാസത്തിൽ അത് പത്ത് ലക്ഷമാക്കി. തുകയിൽ അന്തിമ തീരുമാനം അഭിഭാഷകൻ പറയുമെന്നും പരാതിക്കാരി യുവതിയോട് പറഞ്ഞു. അഭിഭാഷകനെ ബന്ധപ്പെട്ടപ്പോൾ പണം മാത്രമല്ല മറ്റ് പല ആവശ്യങ്ങളും ഉണ്ടായി എന്ന് യുവതി ആരോപിച്ചു. ഇക്കാര്യത്തിൽ യുവതി പരാതി നൽകിയെങ്കിലും നോർത്ത് പൊലീസ് കേസെടുത്തില്ല. 

YouTube video player

ഒടുവിൽ യുവതി എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. പരാതി പരിശോധിച്ച കോടതി ഒടുവിൽ കേസെടുക്കണമെന്ന് ചേരാനെല്ലൂർ പൊലീസിന് നിർദ്ദേശം നൽകി. എന്നാൽ തന്നെക്കുറിച്ചുള്ള ആരോപണം അഭിഭാഷകൻ ഏഷ്യാനെറ്റ് ന്യൂസിനോട് നിഷേധിച്ചു. കോടതി നിർദ്ദേശം അനുസരിച്ച് കേസെടുത്ത് തുടർനടപടി ഉറപ്പാക്കുമെന്ന് ചേരാനെല്ലൂർ പൊലീസ് വ്യക്തമാക്കി. രണ്ട് കേസിലും പരാതിക്കാർ സ്ത്രീകളാണ്.