മുൻകൂർ ജാമ്യം നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹർജിയാണ് നാളെ പരിഗണിക്കുക. അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുക.
ദില്ലി: ബലാത്സംഗക്കേസിൽ വിജയ് ബാബുവിന് ജാമ്യം നൽകിയതിനെതിരായ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. മുൻകൂർ ജാമ്യം നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹർജിയാണ് നാളെ പരിഗണിക്കുക. അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുക.
മുന്‍കൂര്‍ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നാണ് പരാതിക്കാരി സമര്‍പ്പിച്ച ഹർജിയിൽ പറയുന്നത്. മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിജയ് ബാബുവിന്‍റെ മുൻകൂ൪ ജാമ്യ൦ റദ്ദാക്കണമെന്ന് സര്‍ക്കാരിന്‍റെ ആവശ്യ൦. മതിയായ തെളിവുകൾ ഉണ്ടായിട്ടു൦ ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ സ൪ക്കാ൪ പറയുന്നത്. വിദേശത്ത് നിന്ന് ജാമ്യാപേക്ഷ നൽകിയിട്ടും ഇക്കാര്യം അനുവദിച്ച നടപടിയും സർക്കാർ ചോദ്യം ചെയ്യുന്നു.
കേസിൽ നേരത്തെ വിജയ് ബാബുവിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനും അഞ്ച് ലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അനുമതി നൽകിയിരുന്നു. ഇതേത്തുടർന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ നടപടി. ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ സ്റ്റേഷൻ ജാമ്യം അനുവദിച്ചെങ്കിലും വിജയ് ബാബു പൊലീസ് നടപടികൾക്ക് വിധേയനാകണം. അതേസമയം, കേസിൽ വിജയ് ബാബു കുറ്റക്കാരനെന്ന് ബോദ്ധ്യപ്പെട്ടതായി കൊച്ചി പൊലീസ് പ്രതികരിച്ചിരുന്നു.
വിവാദങ്ങളോട് പ്രതികരിച്ച് വിജയ് ബാബു
നടിയെ പീഡിപ്പിച്ച കേസിൽ ഇതാദ്യമായി പ്രതികരിച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു. തകർന്നടിഞ്ഞ ഒരു മനുഷ്യനേക്കാളും ശക്തനായി മറ്റൊന്നുമില്ലെന്നും നിർണായക പ്രതിസന്ധിയിൽ ഒപ്പം നിന്ന ഏവരോടും നന്ദിയുണ്ടെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.
വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 7 ദിവസം നീണ്ട പൊലീസ് കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യൽ ഇന്ന് അവസാനിച്ചു. ഈ കേസിൽ ഉടനീളം ബഹുമാനപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണ്ണമായും സത്യസന്ധമായും ഞാൻ സഹകരിച്ചു. എൻ്റെ കൈവശമുള്ള തെളിവുകളും വസ്തുതകളും അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ഈ മോശം സമയത്ത് കഴിഞ്ഞ 70 ദിവസമായി എന്നോടൊപ്പം ഉണ്ടായിരുന്ന എന്നെ ജീവിക്കാനും അതിജീവിക്കാനും പ്രേരിപ്പിച്ച ദൈവത്തിന് ഞാൻ നന്ദി പറയുന്നു. എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രത്യേകം നന്ദി - നിങ്ങൾ എല്ലാവരും കാരണമാണ് ഞാൻ ജീവിച്ചത്. നിങ്ങളുടെ സന്ദേശങ്ങളും നല്ല വാക്കുകളും എന്നെ കരുത്തുറ്റവനാക്കി.
അവസാനം സത്യം ജയിക്കും...
പ്രിയപ്പെട്ട മാധ്യമങ്ങളേ, ഈ കേസിനെക്കുറിച്ച് എന്റെ കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ സംഘത്തോടും ബഹുമാനപ്പെട്ട കോടതിയോടും അല്ലാതെ മറ്റൊന്നും സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ എല്ലാ ഉത്തരങ്ങളും എനിക്കുണ്ടായിട്ടും എനിക്ക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയുന്നില്ല എന്നതിൽ ക്ഷമ ചോദിക്കുന്നു.
ഞാൻ സൃഷ്ടിക്കുന്ന സിനിമകൾ നിങ്ങളോട് സംസാരിക്കും ...
ഞാൻ എന്റെ സിനിമകളെക്കുറിച്ച് മാത്രം സംസാരിക്കും.
“ തകർന്ന മനുഷ്യനെക്കാൾ ശക്തമായി മറ്റൊന്നുമില്ല !!!
എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ .
