വിവാഹം വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചുവെന്നാണ് ഡോക്ടറുടെ പരാതിയില്‍ പറയുന്നത്. പൊലീസ് ഓഫീസേഴ്സ് റൂറൽ പ്രസിഡന്റ് കൂടിയാണ് സൈജു. 

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒക്കെതിരെ (malayinkeezhu station house officer) ബലാൽസംഗത്തിന് കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് എ വി സൈജുവിന് എതിരെ കേസ്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്‍റ് കൂടിയാണ് പ്രതിയായ സൈജു. ഭർത്താവിനൊപ്പം വിദേശത്ത് കഴിയുകയായിരുന്ന വനിതാ ഡോക്ടർ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിചയപ്പെടുന്നത്. പരാതിക്കാരി തന്‍റെ പേരിലുള്ള കടകള്‍ മറ്റൊരാൾക്ക് വാടയ്ക്ക് നൽകിയിരുന്നു. വാടകക്കാരുമായുള്ള തർക്കം പരിഹരിക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്ഐയായിരുന്ന സൈജുവിനെ പരിചയപ്പെടുന്നത്. 

പിന്നീട് 2019 ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീ‍ഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീ‍ഡിപ്പിച്ചു. പണം കടംവാങ്ങി. വിവാഹം വാദഗ്നം നൽകുകയും ചെയ്തു. സൈജുവുമായുള്ള ബന്ധത്തിന് പിന്നാലെ യുവതിയുടെ വിവാഹബന്ധം വേർപ്പെട്ടു. വിദേശത്തേക്ക് തിരിച്ചു പോകാനും കഴിഞ്ഞില്ല. ഭാര്യയുമായി വേർപിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വർഷങ്ങള്‍ തന്നെ സൈജു കബളിപ്പിച്ചുവെന്ന് യുവതി പറയുന്നു. 

കഴിഞ്ഞ ഡിസംബറിൽ വീട്ടിലെത്തി വീണ്ടും ശാരീരികബന്ധത്തിന് നിർബന്ധിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സിഐയുടെ ബന്ധുക്കള്‍ വിവരം അറിഞ്ഞപ്പോള്‍ തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് പരാതി നൽകിയതെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റൂറൽഎസ്പിക്ക് ആദ്യം പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല. പൊലീസ് നിസ്സഹകരണം പുറത്തായതോടെ ഇന്നലെ രാത്രി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ കേസെടുത്തു. അന്വേഷണം നെടുമങ്ങാട് ഡിവൈഎസ്പിക്ക് കൈമാറി. അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറും. സൈജു ഇപ്പോള്‍ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.

  • ടാറ്റു ആര്‍ട്ടിസ്റ്റിന് എതിരെ സഹപ്രവര്‍ത്തകയുടെ പീഡനപരാതി; ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തിയെന്ന് യുവതി

കൊച്ചി: കൊച്ചിയില്‍ ഒരു ടാറ്റു ആര്‍ട്ടിസ്റ്റിന് എതിരെ കൂടി പീഡന പരാതി (tattoo rape case). പാലരിവട്ടം ഡീപ്പ് ഇങ്ക് സ്ഥാപന ഉടമ കുൽദീപ് കൃഷ്ണയ്ക്ക് എതിരെ സഹപ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. ടാറ്റു ചെയ്യാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുല്‍ദീപ് പീഡിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലുള്ളത്. പീഡനദൃശ്യം ഒളിക്യാമറയിൽ പകർത്തിയെന്നും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ആവർത്തിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്. 2020 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസര്‍കോട് സ്വദേശിയാണ് കുല്‍ദീപ്. ഒളിവില്‍ പോയ കുല്‍ദീപിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അതേസമയം കൊച്ചിയിലെ ടാറ്റു ആര്‍ട്ടിസ്റ്റ് സുജേഷിന് എതിരെ പരാതി നല്‍കിയവരുടെ എണ്ണം ഏഴായി. ഒരു വിദേശവനിതയാണ് ഏറ്റവും ഒടുവില്‍ പരാതിനല്‍കിയത്. 2019 ല്‍ കൊച്ചിയിലെ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ വെച്ച് സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. യൂത്ത് എക്സേ്ഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായി കൊച്ചിയിലെ കോളേജില്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു ഈ യുവതി. ടാറ്റു ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഒരു പുരുഷ സുഹൃത്താണ് സുജേഷിന്‍റെ ഇടപ്പള്ളിയിലെ ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ കൊണ്ടു പോകുന്നത്. ടാറ്റു വര തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ സുജേഷ് പുരുഷ സുഹൃത്തിനോട് മുറിക്ക് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. മുറിയില്‍ സ്ഥല സൗകര്യം കുറവാണെന്ന് പറഞ്ഞായിരുന്നു ഇത്. 

ഇതിനുശേഷം തന്‍റെ നേരെ ലൈംഗിക അതിക്രമം തുടങ്ങിയെന്ന് പരാതിയില്‍ യുവതി പറയുന്നു. ശല്യം വര്‍ധിച്ചതോടെ സുഹൃത്തിന് മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ചു. ഇത് കണ്ടതോടെ സുജേഷ് ദേഷ്യപ്പെട്ടെന്നും പരാതിയിലുണ്ട്. സുജേഷിനെതിരെ നിരവധി യുവതികള് മീടു പോസ്റ്റിട്ട കാര്യം സുഹൃത്തില്‍നിന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പരാതി നല്‍കാന്‍ വിദേശ വനിതയും തീരുമാനിച്ചത്. തുടര്‍ന്ന് ഇമെയില്‍ മുഖേന കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.