ഭക്ഷ്യ മന്ത്രി ജി ആർ അനിൽ നേരിട്ട് എത്തി റേഷൻ കാർഡ് കൈമാറും എന്ന് അറിയിച്ചിരുന്നെങ്കിലും മന്ത്രിസഭാ യോഗം ഉള്ളതിനാൽ മന്ത്രിയുടെ കോട്ടയം യാത്ര റദ്ദാക്കുകയായിരുന്നു.
കോട്ടയം: ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിത സിസ്റ്റര്‍ റാണിറ്റ് ഉള്‍പ്പെടെ കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകൾക്ക് റേഷൻ കാർഡ് അനുവദിച്ചു. മൂന്ന് കന്യാസ്ത്രീകള്‍ക്കും ഇന്ന് റേഷന്‍ കാര്‍ഡ് കൈമാറും. കോട്ടയം ജില്ലാ സപ്ലൈ ഓഫീസിൽ വച്ചാണ് ജില്ലാ സപ്ലൈ ഓഫീസർ കാർഡ് കൈമാറുക. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ നേരിട്ട് എത്തി റേഷൻ കാർഡ് കൈമാറും എന്ന് അറിയിച്ചിരുന്നെങ്കിലും മന്ത്രിസഭാ യോഗം ഉള്ളതിനാൽ മന്ത്രിയുടെ കോട്ടയം യാത്ര റദ്ദാക്കുകയായിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡന കേസിലെ ഇരയായ സിസ്റ്റർ റാണിറ്റ്, കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സർക്കാർ നടപടി. ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ അഭിമുഖത്തിൽ സിസ്റ്റർ റാണിറ്റ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭക്ഷ്യമന്ത്രി ഇടപെട്ട് മഠം അന്തേവാസികളായ സിസ്റ്റർ മാർക്ക് റേഷൻ കാർഡ് നൽകാൻ ഉത്തരവിട്ടത്. സിസ്റ്റർ റാണിറ്റുമായി സംസാരിച്ച ശേഷം ,മറ്റ് ആവശ്യങ്ങളിലും അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബലാൽസംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട വിധിപ്രസ്താവത്തിന് ഇന്ന് നാലുവർഷം തികയുകയാണ്. സർക്കാർ നൽകിയ അപ്പീലിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അതിജീവിതയുടെ ആവശ്യത്തിൽ ഇതുവരെ തീരുമാനമായില്ല. അവൾക്കൊപ്പം എന്ന് പറയുന്നവരുടെ വാക്ക് പ്രവർത്തിയിൽ വന്നാലെ പ്രയോജനം ഉള്ളൂവെന്നും സിസ്റ്റർ റാണിറ്റ് ആരോപിച്ചു. അതേസമയം ഹൈക്കോടതിയിൽ സാധാരണ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാറില്ലെന്നാണ് നിയമ മന്ത്രി പി രാജീവിന്‍റെ പ്രതികരണം.


