Asianet News MalayalamAsianet News Malayalam

'ഒരു പുല്ലനും പാർട്ടി ഓഫീസ് തൊടില്ല', എം എം മണി, എൽഡിഎഫിൽ പട്ടയ'ക്കലാപം'

പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. സിപിഐ ചർച്ച ചെയ്യാതെയെടുത്ത തീരുമാനമെന്ന് സിപിഐ നേതാവും അന്നത്തെ റവന്യൂമന്ത്രിയുമായിരുന്ന കെ ഇ ഇസ്മായിൽ കൂടി തുറന്നടിക്കുമ്പോൾ ഇതൊരു രാഷ്ട്രീയപ്പോരിന് വഴി തുറക്കുകയാണ്. 

Raveendran Pattayam Controversy LDF In Crisis War Of Words Erupts Between M M Mani And CPI
Author
Idukki, First Published Jan 20, 2022, 2:41 PM IST

തിരുവനന്തപുരം/ ഇടുക്കി: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനത്തെ ചൊല്ലി എൽഡിഎഫിൽ കടുത്ത ഭിന്നത. സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്ന് മുൻമന്ത്രി എം എം മണി മുന്നറിയിപ്പ് നൽകിയപ്പോൾ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറയുന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ പ്രതികരണം.

രവീന്ദ്രൻ പട്ടയം റദ്ദാക്കലിന്‍റെ പേരിൽ ഒരിടവേളയ്ക്ക് ശേഷം മൂന്നാർ ഭൂമി പ്രശ്നം എൽഡിഎഫിൽ നീറിപ്പുകയുകയാണ്. ഭൂമി വിവാദങ്ങളിൽ എന്നും കൈകോർക്കുന്ന ഇടുക്കിയിലെ സിപിഎം - സിപിഐ നേതാക്കൾ രവീന്ദ്രൻ പട്ടയം റദ്ദാക്കലിലും സർക്കാർ തീരുമാനത്തിനെതിരായ പരസ്യനിലപാട് എടുത്താണ് വിമർശനം ഉന്നയിക്കുന്നത്.  സിപിഎം മൂന്നാർ ഏരിയ കമ്മിറ്റി ഓഫീസും രവീന്ദ്രൻ പട്ടയത്തിലായിരിക്കേ സർക്കാർ തീരുമാനത്തിനെതിരെ കടുപ്പിച്ചാണ് മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. 

''530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും'', എം എം മണി പറയുന്നു. 

രവീന്ദ്രൻ പട്ടയം റദ്ദാക്കൽ സിപിഐയിലെ വിഭാഗീതയയ്ക്കും ആക്കം കൂട്ടിയാണ് ചർച്ചയാകുന്നത്. പട്ടയം നൽകുന്ന സമയത്ത് റവന്യൂ മന്ത്രിയായിരുന്ന മുതിർന്ന നേതാവ് കെ ഇ ഇസ്മായിൽ. പാർട്ടി ഓഫീസ് തൊടാൻ അനുവദിക്കില്ലെന്ന എം എം മണിയുടെ നിലപാടിനെ ഇസ്മായിൽ തുണയ്ക്കുന്നു.  റവന്യൂ വകുപ്പ് ഉത്തരവ് പാർട്ടിയിൽ ചർച്ച ചെയ്യാതെയാണെന്ന ഗുരുതര ആക്ഷേപം ഉയർത്തി കാനത്തെയും റവന്യൂ വകുപ്പിനെയും സംശയ നിഴലിലാക്കുന്നു ഇസ്മായിൽ. വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നുവെന്ന് വരെ പറഞ്ഞാണ് വിമർശനം. 

''അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയ കാര്യമല്ലേ? ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ ഒഴിപ്പിക്കരുത്. അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യം ഏറെക്കാലം മൂടി വയ്ക്കാനാകില്ല'', കെ ഇ ഇസ്മായിൽ പറഞ്ഞു. 

ഇസ്മായിൽ പക്ഷക്കാരൻ കൂടിയായ ഇടുക്കി സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും സ്വന്തം വകുപ്പിനെ തള്ളിപ്പറയുമ്പോൾ, ഇസ്മായിലിന്‍റെയും ശിവരാമന്‍റെയും മണിയുടെയും വിമർശനങ്ങൾ തള്ളുകയാണ് സിപിഐ സംസ്ഥാന നേതൃത്വം. മണി അംഗമായ ഒന്നാം പിണറായി സർക്കാർ എടുത്ത തീരുമാനത്തിന്‍റെ തുടർച്ചയാണ് പട്ടയം റദ്ദാക്കൽ എന്നും സിപിഐ നേതൃത്വം പറയുന്നു. 

ആശങ്ക തീർക്കുമെന്ന് പറഞ്ഞ് വിമർശനങ്ങളെ തള്ളുകയാണ് സിപിഎം - സിപിഐ സംസ്ഥാന നേതൃത്വങ്ങൾ. കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണമിങ്ങനെ: ''ഇടുക്കി ജില്ലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആശങ്കകൾ പരിഹരിച്ചേ തുടർനടപടികളെടുക്കൂ. പട്ടം ലഭിച്ച ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്‍റെ നിയമസാധുത പരിശോധിക്കുകയാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെട്ട എല്ലാവരും വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സർക്കാർ എടുത്ത നടപടി പാർട്ടിയുടെ തീരുമാനം തന്നെയാണ്'', കോടിയേരി വ്യക്തമാക്കുന്നു. 

പട്ടയം പൂർണമായി റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കലല്ല ലക്ഷ്യമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ വകുപ്പും വിശദീകരിക്കുന്നത്. അർഹരായവർക്ക് വീണ്ടും അപേക്ഷ നൽകിയാൽ പട്ടയം കിട്ടും. ചട്ടപ്രകാരമല്ലാതെ നൽകിയ പട്ടയത്തിന് സാധുത ഇല്ലാത്തത് കൊണ്ട് ആശങ്ക വേണ്ടെന്നാണ് നിലപാട്. റവന്യൂ മന്ത്രി 'നമസ്തേ കേരള'ത്തിൽ സംസാരിച്ചത് കേൾക്കാം:

പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്താണ് ഉത്തരവെന്ന് സംസ്ഥാന നേതൃത്വം വിശദീകരിക്കുമ്പോഴും പട്ടയ വിവാദം ഇനിയും ശക്തമാകാനാണ് സാധ്യത. 

Follow Us:
Download App:
  • android
  • ios