മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ 20 വർഷം മുൻപുള്ള കെഎസ്ടിപി അഴിമതിക്കേസിൽ വിജിലൻസ് പുനരന്വേഷണം ആരംഭിക്കുന്നു. മലേഷ്യൻ കമ്പനി മാനേജറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ആഭ്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. നിയമോപദേശം പരിശോധിച്ച ശേഷമാണ് പ്രത്യേക സംഘം ഈ കേസ് അന്വേഷിക്കുന്നത്.

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പുനരന്വേഷണത്തിൽ പ്രാഥമിക നടപടികൾ തുടങ്ങാൻ വിജിലൻസ്. പരാതി ആഭ്യന്തര മന്ത്രിയുടെ ഓഫീസ് വിജിലൻസ് ഡയറക്ടറേറ്റിന് കൈമാറി. കെഎസ്ടിപി അഴിമതി ആരോപണത്തിലും പതിബെൽ മാനേജറുടെ ആത്മഹത്യയിലും വിശദപരിശോധന നടക്കും. 20 വർഷം മുൻപുള്ള കേസിൽ നിയമവശം പരിശോധിച്ച് കരുതലോടെയാണ് നീക്കം. ഇന്നലെയാണ് ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടത്.

20 വർഷം മുമ്പ് പിഡബ്ല്യുഡി സെക്രട്ടറിയായിരിക്കെ കെഎസ്ടിപി കരാറിലുണ്ടായ അഴിമതിയിലും കരാർ ലഭിച്ച മലേഷ്യൻ കമ്പനിയുടെ ചീഫ് എഞ്ചിനീയറുടെ ആത്മഹത്യയിലുമാണ് പുനരന്വേഷണം. തെരഞ്ഞെടുപ്പ് അട്ടിമറിയിൽ ഗ്യാനേഷ് കുമാറിനറെ രാജിക്കായി പ്രതിപക്ഷപാർട്ടികൾ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമ്പോഴാണ് കേരളത്തിൽ അന്വേഷണം നടക്കുന്നത്.

ഹൈക്കമാൻറുമായുള്ള ആലോചനക്ക് ശേഷമാണ് ഗ്യാനേഷ് കുമാറിനെതിരെ രമേശ് ചെന്നിത്തല വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. കെപിസിസി നിർവ്വാഹകസമിതി അംഗം മലയൻകീഴ് വേണുഗോപാൽ ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതിയിലാണ് രണ്ട് പതിറ്റാണ്ടു മുമ്പുള്ള ഫയലുകൾ വീണ്ടും തുറക്കുന്നത്. 2006ൽ കേരളം വലിയരീതിയിൽ ചർച്ച ചെയ്തതാണ് മലേഷ്യൻ കമ്പനി പതിബെൽ ഉൾപ്പെട്ട കെഎസ് ടിപി അഴിമതി ആരോപണം. ലോകബാങ്ക് സഹായത്തോടെ എംസി റോഡിലെ 127 കിലോമീറ്റർ നിർമ്മാണം 215 കോടിക്കുള്ള കരാ‌ർ ആയിരുന്നു പതിബെൽ കൺസോർഷ്യത്തിന് ലഭിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാറിന് വീഴ്ച വന്നു. പിന്നാലെ കമ്പനിയുടെ 17 കോടിയുടെ ബില്ലുകൾ തടഞ്ഞു. പിഡബ്ല്യുഡി സെക്രട്ടറി ഗ്യാനേഷ് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു കമ്പനിയുടെ ആരോപണം. സമ്മർദ്ദം താങ്ങാനാകാതെയാണ് പതിബെൽ ചിഫ് എഞ്ചിനിയറായിരുന്ന ലീ സി ബിൻ ആത്മഹത്യചെയ്തത്. മലേഷ്യയിലെ സുബാങ് ജയ പാർക്കിലെ തടാകത്തിന് സമീപത്തെ ഇരുമ്പ് പാലത്തിലായിരുന്നു തൂങ്ങിമരണം. കമ്പനി മേധാവി റോസ് ലീക്കും ഭാര്യക്കും രണ്ട് ആത്മഹത്യാകുറിപ്പുകൾ ബിൻ എഴുതിയിരുന്നു. രണ്ടിലും ഗ്യാനേഷ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞിരുന്നതായി അന്നേ വിവരമുണ്ടായിരുന്നു. ഇടത് സർക്കാറിൻറെ കാലത്താണ് ബിൽ തടഞ്ഞുവെക്കുന്നതും ഉയർന്ന പരാതികളിൽ വിജിലൻസ് അന്വേഷണം നടന്നതും. കാര്യമായൊന്നും കണ്ടെത്താതെ അവസാനിപ്പിച്ച വിജിലൻസ് അന്വേഷണം വീണ്ടും നടത്താനാണ് സർക്കാർ തീരുമാനം.

നിയമോപദേശം കൂടി പരിശോധിച്ചാണ് വീണ്ടും അന്വേഷണം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എന്ന പ്രത്യേക സംരക്ഷണമുള്ള പദവിയിലെത്തും മുമ്പുള്ള കേസിലാണ് അന്വേഷണം. അത് കൊണ്ട് അന്വേഷണത്തിന് തടസ്സമില്ലെന്നാണ് സർക്കാറിനുള്ള ഉപദേശം. വിജിലൻസ് ഡയറക്ടുറെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാകും ചുമതല. അന്വേഷണത്തിൻറെ ഓരോ നീക്കങ്ങൾക്കും ദേശീയതലത്തിലടക്കം പ്രാധാന്യമുണ്ടാകും.

YouTube video player