പൊന്നാനി ചന്തപ്പടിയിൽ പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. മലപ്പുറം വിപുലീകൃത ജില്ലാ കമ്മിറ്റി സമാപന സമ്മേളനത്തിലേക്ക് കാറിൽ വരുമ്പോഴാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ചത്
മലപ്പുറം: പൊന്നാനി ചന്തപ്പടിയിൽ പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. മലപ്പുറം വിപുലീകൃത ജില്ലാ കമ്മിറ്റി സമാപന സമ്മേളനത്തിലേക്ക് കാറിൽ വരുമ്പോഴാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ചത്. മുൻ എംഎൽഎ പി നന്ദകുമാറിനെ തിരുത്തിക്കാനോ നടപടിയെടുക്കുകയോ ചെയ്യാത്തതിൽ ആണ് പിണറായിക്ക് കരിങ്കൊടിയെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പി നന്ദകുമാർ മലപ്പുറത്ത് നടത്തിയ വിദ്വേഷ പരാമർശം വലിയ രീതിയിൽ വിമർശനത്തിന് കാരണമായിരുന്നു. പിണറായി നന്ദകുമാറിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് നടപടി. മത മൗലിക വർഗീയ വാദികളുടെ കൂടാണ് മലപ്പുറമെന്നായിരുന്നു നന്ദകുമാറിന്‍റെ പരാമർശം. പിണറായി വിജയൻ ഉൾപ്പെടെ ഉണ്ടായിരുന്ന വേദിയിലാണ് ഇത്തരം ഒരു വിവാദ പരാമർശം നന്ദകുമാർ നടത്തിയത്. വിപുലീകൃത ജില്ലാ കമ്മിറ്റിയിലെ സ്വാഗത സംഘം പ്രസംഗത്തിലാണ് നന്ദകുമാറിന്‍റെ പരാമർശം ഉണ്ടായത്.
നന്ദകുമാറിനെ തള്ളാതെ പിണറായി
എന്നാൽ പി നന്ദകുമാറിന്‍റെ വിവാദമായ മലപ്പുറം വിദ്വേഷ പ്രസംഗത്തെ തള്ളാതെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാൻ കഴിയാത്തതും അതിശക്തമായ മതസൗഹാർദ്ദം നിലനിൽക്കുന്നതുമായ പ്രദേശമാണ് മലപ്പുറമെന്ന് പിണറായി ചൂണ്ടിക്കാട്ടി. ഈ അന്തരീക്ഷം തകർക്കാൻ മതമൗലികവാദികളും വർഗീയ ശക്തികളും ശ്രമിക്കുന്നുണ്ടെന്നും, അതിനെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് നന്ദകുമാർ ഉദ്ദേശിച്ചതെന്നാണ് പിണറായിയുടെ വിശദീകരണം. നന്ദകുമാറിന്‍റെ പ്രസംഗത്തെ രാഷ്ട്രീയ എതിരാളികൾ വക്രീകരിച്ച് പ്രചരിപ്പിക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു. മലപ്പുറത്ത് സംഘടിപ്പിച്ച സി പി എം വിശാല ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് പിണറായി, നന്ദകുമാറിനെ പിന്തുണച്ച് രംഗത്തെത്തിയത്.


