കൊച്ചിയിൽ ഡാർക്ക് വെബ് ഉപയോഗിച്ച് രാസ ലഹരി എത്തിച്ച യുവാവ് പിടിയിൽ. കോഴിക്കോട് കുതിരവട്ടം സ്വദേശി മിർസാബ് (29) ആണ് പിടിയിലായത്.
കൊച്ചി: കൊച്ചിയിൽ ഡാർക്ക് വെബ് ഉപയോഗിച്ച് വിദേശത്ത് നിന്നും രാസ ലഹരി എത്തിച്ച യുവാവ് പിടിയിൽ. കോഴിക്കോട് കുതിരവട്ടം സ്വദേശി മിർസാബ് ആണ് പിടിയിലായത്. പാർസലായി എത്തിയ 20 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. എറണാകുളം കാരിക്കാമുറിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിലേക്ക് ജർമ്മനിയിൽ നിന്നെത്തിയ പാർസൽ, സ്കാനിംങിൽ സംശയം തോന്നിയതോടെ വിവരം എറണാകുളം സർക്കിൾ എക്സൈസ് ഓഫീസിലേക്ക് അറിയിക്കുകയായിരുന്നു.
അന്വേഷണത്തിൽ തെളിഞ്ഞത് ലഹരി തേടി ഇരുപത്തിയൊമ്പത്കാരൻ ഇൻ്റർനെറ്റിൽ സഞ്ചരിച്ച ഇരുണ്ട വഴികൾ. ലഹരിയെത്തിക്കാന്‍ മിർസാബ് ഉപയോഗിച്ചത് നിസാബെന്ന വ്യാജ പേരും മേൽവിലാസവും. ടോറ ബ്രൗസർ ഉപയോഗിച്ചായിരുന്നു ഡാർക്ക് വെബിലെത്തിയത്. 20 ഗ്രാം എംഎഡിഎംഎ വാങ്ങാൻ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് പണം കൈമാറി. പാർസൽ എത്തിയെങ്കിലും കൈപ്പറ്റാൻ സുഹൃത്തിനെ അയച്ചു.
ഇതിനിടെ ഇടപാടിലെ മിർസാബിന്റെ സാന്നിധ്യം എക്സൈസ് തിരിച്ചറിഞ്ഞിരുന്നു. കോഴിക്കോടായിരുന്ന പ്രതി എറണാകുളത്തെത്തിയതോടെ അറസ്റ്റ്. മിർസാബിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. പിടിയിലാകും മുൻപ് പ്രതി ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശിയായ യുവാവിനെയും ഫോറിൻ പോസ്റ്റ് ഓഫീസ് വഴി ലഹരി കടത്തിയ കേസിൽ പിടികൂടിയിരുന്നു.

