തിരുവനന്തപുരം: സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി പ്രവർത്തനം തുടങ്ങി. ഇതോടെ അംഗീകാരമില്ലാതെ നിർമ്മിക്കുന്ന ഫ്ലാറ്റുകൾക്കും വില്ലകൾക്കും പിടിവീഴും. നിലവിൽ നിർമാണത്തിലിരിക്കുന്നതും പുതിയ പദ്ധതികളും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്ന് ചെയർമാൻ പി.എച്ച് കുര്യൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കെട്ടിടനിർമ്മാതാക്കളുടെ സംഘടനയായ ക്രെഡായിയുമായി അതോറിറ്റി ചെയർമാൻ ചർച്ച നടത്തി. നിലവിൽ നിർമ്മാണത്തിലുള്ളതും കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും പുതിയ പദ്ധതികളും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം. റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കൊപ്പം റിയൽ എസ്റ്റേറ്റ് ഏജന്റുമാരും രജിസ്റ്റർ ചെയ്യണം. എന്നാൽ കൈമാറ്റത്തിനല്ലാതെ നിർമ്മിക്കുന്ന വീടുകൾക്കും കെട്ടിടങ്ങൾക്കും രജിസ്ട്രേഷൻ ബാധകമല്ല.

ഇതുവഴി റിയൽ എസ്റ്റേറ്റ് രംഗത്ത് സുതാര്യത ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി ചെയർമാൻ പിഎച്ച് കുര്യൻ വ്യക്തമാക്കി. പദ്ധതികൾ സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതികളും അതോറിറ്റി സ്വീകരിച്ചുതുടങ്ങി. ഇതുവരെ നാല് പരാതികൾ അതോറിറ്റിക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പണം കിട്ടാനുള്ള പരാതികൾ ജില്ലാ ജഡ്ജ് അധ്യക്ഷനായ കമ്മിറ്റി ആയിരിക്കും തുടർപരിശോധന നടത്തുക.പരാതികൾ ലഭിക്കുന്ന മുറയ്ക്ക് എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തുമെന്നും അതോറിറ്റി വ്യക്തമാക്കി.