Asianet News MalayalamAsianet News Malayalam

നാടകാന്തം സ്ഥാനാര്‍ത്ഥിത്വം: കര്‍ണാടകയിലെ 'വിമതര്‍' ഇനി ബിജെപി സ്ഥാനാര്‍ത്ഥികള്‍, പാളയത്തില്‍ പടയ്ക്കും സാധ്യത

എംഎൽഎ സ്ഥാനം രാജിവച്ചതിനും കൂറുമാറ്റത്തിനും പിന്നിൽ ബിജെപിയല്ലെന്ന് ആവർത്തിച്ചിരുന്ന കർണാടക വിമതരാണ് ഒടുവിൽ ബിജെപി അംഗങ്ങളായിരിക്കുന്നത്. 

rebel congress jds mlas became bjp candidates in karnataka
Author
Bengaluru, First Published Nov 14, 2019, 4:35 PM IST

ബംഗളൂരു: കർണാടകത്തിലെ അയോഗ്യരായ പതിനാറ് വിമത എംഎൽഎമാരും ബിജെപിയിൽ ചേർന്നു. ഇവരിൽ പതിമൂന്ന് പേർക്ക് ടിക്കറ്റ് നൽകി ഉപതെരഞ്ഞെടുപ്പിനുളള സ്ഥാനാർത്ഥിപ്പട്ടികയും പാർട്ടി പുറത്തിറക്കി. കോൺഗ്രസ് വിമതൻ റോഷൻ ബെയ്ഗിന് ബിജെപി അംഗത്വം നൽകിയില്ല. പത്ത് സീറ്റുകളിലേക്കുളള സ്ഥാനാർത്ഥികളെ ജെഡിഎസും പ്രഖ്യാപിച്ചു.

എംഎൽഎ സ്ഥാനം രാജിവച്ചതിനും കൂറുമാറ്റത്തിനും പിന്നിൽ ബിജെപിയല്ലെന്ന് ആവർത്തിച്ചിരുന്ന കർണാടക വിമതരാണ് ഒടുവിൽ ബിജെപി അംഗങ്ങളായിരിക്കുന്നത്. മല്ലേശ്വരത്തെ പാർട്ടി ആസ്ഥാനത്ത് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ സാന്നിധ്യത്തിൽ രമേഷ് ജാർക്കിഹോളി മുതൽ എച്ച് വിശ്വനാഥ് വരെയുളളവർ ബിജെപി അംഗത്വം സ്വീകരിച്ചു.

അയോഗ്യരായ പതിനേഴ് വിമതരിൽ പതിനാറ് പേരും ബിജെപി വേദിയിലെത്തി. ശിവാജി നഗർ എംഎൽഎ ആയിരുന്ന കോൺഗ്രസ് വിമതൻ റോഷൻ ബെയ്ഗ് അവസാന നിമിഷം ഒഴിവാക്കപ്പെട്ടു. ബെയ്ഗിനെ തങ്ങൾക്ക് വേണ്ടെന്നായിരുന്നു ബിജെപി നേതാവ് കെ ഇ ഈശ്വരപ്പയുടെ മറുപടി. വിമതർക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിമതർക്ക് മന്ത്രിസ്ഥാനമുൾപ്പെടെ നൽകും. അവർ തെരഞ്ഞെടുപ്പ് ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പാണ്- യെദിയൂരപ്പ പറഞ്ഞു.

ആർ ശങ്കറിന്‍റെ റാണിബെന്നൂറും ശിവാജിനഗറും ഒഴിച്ചിട്ട് പതിമൂന്ന് മണ്ഡലങ്ങളിൽ വിമതരെ ബിജെപി സ്ഥാനാർത്ഥികളാക്കി.ഇതിനെതിരെ ബിജെപി ക്യാമ്പിൽ എതിർപ്പ് രൂക്ഷമാകുമെന്നാണ് സൂചന. അത്താണി സീറ്റ് ലക്ഷ്യം വെച്ചിരുന്ന ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി വിമതർക്ക് അംഗത്വം നൽകുന്ന ചടങ്ങിന് എത്തിയതുമില്ല.

Follow Us:
Download App:
  • android
  • ios