സംഘടനാ നടപടിയുടെ പേരിൽ പുറത്താക്കിയ പി രാധാമണി , അഡ്വ. ഗോപൻ , പി കെ ബാലചന്ദ്രൻ എന്നിവരെയും സിപിഎം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു. 10 പേരെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കളാക്കിയിട്ടുണ്ട്.
കൊല്ലം: വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്നും തരംതാഴ്ത്തിയ പി.ആർ വസന്തനെ കൊല്ലം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. വി.എസ് പക്ഷക്കാരനായിരുന്ന പി.ആർ വസന്തൻ ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റായിരുന്നു. ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.ആർ വസന്തനും സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടിയും തമ്മിലുള്ള ചേരിപ്പോരാണ് കൊല്ലത്ത് കടുത്ത വിഭാഗീയതയ്ക്ക് വഴിവെച്ചത്. അതേസമയം സംഘടനാ നടപടിയുടെ പേരിൽ പുറത്താക്കിയ പി രാധാമണി, അഡ്വ. ഗോപൻ, പി കെ ബാലചന്ദ്രൻ എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു. 10 പേരെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കളാക്കിയിട്ടുണ്ട്.
പാർട്ടിയെ ഒന്നാകെ നാണംകെടുത്തിയ കരുനാഗപ്പള്ളിയിലെ തമ്മിലടിയിൽ സിപിഎം കൊല്ലം ജില്ലാ സമ്മേളന സമയത്താണ് കടുത്ത നടപടിയുണ്ടായത്. പി.ആർ വസന്തനടക്കം കരുനാഗപ്പള്ളിയിൽ നിന്നുള്ള 4 ജില്ലാ കമ്മിറ്റി അംഗങ്ങളെ പുതിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ വെച്ചു പൊറുപ്പിക്കില്ലെന്നതിന്റെ തെളിവാണ് നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അന്ന് പ്രതികരിച്ചത്.


