മലപ്പുറം: പ്രളയം ദുരന്തം വിതച്ച നിലമ്പൂരിനെ പുതുക്കിപ്പണിയാൻ 'റീബിൾഡ്‌ നിലമ്പൂർ പദ്ധതി'. പി വി അബ്ദുൾ വഹാബ്‌ എംപി മുഖ്യ രക്ഷാധികാരിയും പി വി അൻവർ എംഎൽഎ ചെയർമാനുമായാണ് റീബിൽഡ് നിലമ്പൂർ രൂപീകരിച്ചത്. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഭൂമി കണ്ടെത്തുകയും വീടും പാലങ്ങളും പുനർ നിർമ്മിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രളയത്തിൽ നിലമ്പൂർ മണ്ഡലത്തിലെ 1000 വീടുകൾ പൂർണ്ണമായും 3000 വീടുകൾ ഭാഗികമായും തകർന്നിരുന്നു. 7000- ത്തോളം വീടുകളിൽ വെള്ളം കയറി. വ്യാപാരികൾക്ക് 1000 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 

വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ, മത-സാംസ്ക്കാരിക-സാമുദായിക സംഘടനാ പ്രതിനിധികൾ, സന്നദ്ധ സംഘടന-ക്ലബ്‌ ഭാരവാഹികൾ എന്നിവരാണ് പദ്ധതിയിലെ അംഗങ്ങൾ. ഒരേക്കറിനടുത്ത് ഭൂമി പല വ്യക്തികളിൽ നിന്നായി വിട്ടു കിട്ടി. ഭാരവാഹികളുടെ പേരിൽ തുടങ്ങിയ ജോയിന്റ് അക്കൗണ്ട് വഴിയാണ് ഫണ്ട് ശേഖരിക്കുന്നത്.