സൊസെറ്റിയുടെ 87 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഒരു പദ്ധതി അംഗീകരിക്കപ്പെടുന്നത് എന്നതും പുതുചരിത്രമാണ്
തിരുവനന്തപുരം: വ്യവസായ വകുപ്പിന്‍റെ സംരംഭക വർഷം പദ്ധതി അന്താരാഷ്ട്ര അംഗീകാരം നേടിയതിന്‍റെ സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്. പബ്ലിക് അഡ്മിനിസ്ട്രേഷൻ മേഖലയിൽ ലോകത്തെ ഏറ്റവും വലിയ വേദിയായ ‘അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ’ നൽകുന്ന "ഇന്നവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ” എന്ന അംഗീകാരമാണ് സംരംഭക വർഷം പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്.
സൊസെറ്റിയുടെ 87 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഒരു പദ്ധതി അംഗീകരിക്കപ്പെടുന്നത് എന്നതും പുതുചരിത്രമാണ്. 2025 മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ വാഷിംഗ്ടണിൽ നടക്കുന്ന സൊസെറ്റിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പദ്ധതിയെക്കുറിച്ച് അവതരണം നടത്തുന്നതിന് മന്ത്രിയെന്ന നിലയിൽ ക്ഷണം ലഭിച്ച വിവരവും നിങ്ങളോട് പങ്കുവെക്കുകയാണ്. സംരംഭക വർഷം പദ്ധതിയെക്കുറിച്ച് ഇൻഡോർ ഐഐഎം നടത്തിയ പഠന റിപ്പോർട്ട് സര്‍ക്കാരിനു കൈമാറുന്നതിനായി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഐഐഎം ഇന്‍ഡോര്‍ ഡയറക്ടര്‍ ഹിമാന്‍ഷു റോയി ആണ് ഇക്കാര്യം അറിയിച്ചത്.
ലോകത്തെ പൊതുഭരണ വിദഗ്ധര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അന്താരാഷ്ട്ര വേദിയാണ് അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ വാര്‍ഷിക സമ്മേളനമെന്ന് അദ്ദേഹം അറിയിച്ചുവെന്ന് മന്ത്രി പറഞ്ഞു. പല രാജ്യങ്ങളുടെയും നയരൂപീകരണത്തെ പോലും ഇതിലെ ചര്‍ച്ചകള്‍ സ്വാധീനിക്കും. ഇത്തരമൊരു വേദിയില്‍ കേരളത്തിന്‍റെ നേട്ടം അവതരിപ്പിക്കാനാവുന്നത് കേരളത്തിന്‍റെയാകെ നേട്ടമാണ്. 150 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് മുന്നിലാണ് കേരളത്തിന്റെ അഭിമാന പദ്ധതി അവതരിപ്പിക്കപ്പെടാൻ പോകുന്നത്. നേരത്തെ രാജ്യത്തെ എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് ആയും പ്രധാനമന്ത്രി ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ വച്ച് സംരംഭക വർഷം തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
