തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ കുത്തഴിഞ്ഞ അവസ്ഥ അടിമുടി മാറ്റാനും സമാധാന അന്തരീക്ഷത്തിലേക്ക് കോളേജിനെ മാറ്റിയെടുക്കാനും നടപടി വരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യുണിവേഴ്‍സിറ്റി കോളേജിൽ സമഗ്ര പരിഷ്കരണത്തിനാണ് കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ട്രേറ്റിന്‍റെ നീക്കം. തൽക്കാലത്തേക്ക് പൊലീസ് സംരക്ഷണയോടെ കോളേജ് തുറന്ന് പ്രവര്‍ത്തിക്കും.

പിഎസ്സി പരീക്ഷകൾ ഇനി യുണിവേഴ്സിറ്റി കോളേജിൽ വച്ച് നടത്തില്ല. കോളേജിന്‍റെ അല്ലാത്ത ഒരു പരീക്ഷക്കും ക്യാമ്പസിൽ പരീക്ഷാ കേന്ദ്രം അനുവദിക്കേണ്ടെന്ന് കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ സർക്കാരിനോട് ശുപാർശ ചെയ്യും. കോളേജ് യുണിയൻ റൂമിൽ ഉത്തരകടലാസ് കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അഡീഷണൽ ഡയറക്ടർ സുമ പറഞ്ഞു. സംഭവത്തിൽ മൂന്ന് ജീവനക്കാരെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. 

യുണിവേഴ്സിറ്റി കോളേജിൽ ഇനി വിദ്യാര്‍ത്ഥികൾക്ക് റീ അഡ്മിഷൻ നൽകേണ്ടതില്ലെന്നാണ് തീരുമാനം. ക്യാമ്പസിലെ ബാനറുകളും, പോസ്റ്ററുകളും, ചുവരെഴുത്തുകളുമെല്ലാം നീക്കും. പോലീസ് കാവലിൽ കോളേജ് തുറക്കാനാണ് തീരുമാനം.  അധ്യാപകരും വിദ്യാർഥികളുമല്ലാത്തവർക്ക് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനം ആയിട്ടുണ്ട്.  

യൂണിയൻ റും ക്ലാസ് റൂമാക്കി മാറ്റിയിട്ടുണ്ട്.  അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന പ്രത്യേക കമ്മിറ്റികൾ എല്ലാ ഡിപ്പാർട്ട്മെന്‍റിലും രൂപീകരിക്കും. കോളേജിലെ പരിപാടികളുടെ നടത്തിപ്പ് ഈ കമ്മിറ്റികളുടെ മേൽനോട്ടത്തിലാക്കാനും ധാരണയായി.