Asianet News MalayalamAsianet News Malayalam

പതിവ് തെറ്റിയില്ല: ഈ ക്രിസ്മസിനും റെക്കോര്‍ഡ് മദ്യവില്‍പന, ഒന്നാമതായി നെടുമ്പാശ്ശേരി ഔട്ട്ലെറ്റ്


ഈ വര്‍ഷം നെടുമ്പാശ്ശേരിയിലെ ബെവ്കോ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 

record liqour sale in christmas
Author
നെടുമ്പാശ്ശേരി, First Published Dec 26, 2019, 6:52 PM IST

തിരുവനന്തപുരം: ആഘോഷവേളകളില്‍ മദ്യവില്‍പനയുടെ റെക്കോര്‍ഡ് പുതുക്കുന്ന പതിവിന് ഇക്കുറിയും മാറ്റമില്ല. ഈ വര്‍ഷം ക്രിസ്മസിന് തലേദിവസമായ ഡിസംബര്‍ 24-ന് 69.57 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്.  4.94 കോടി രൂപയുടെ വര്‍ധനയാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 64.63 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റത്.

ഈ വര്‍ഷം നെടുമ്പാശ്ശേരിയിലെ ബെവ്കോ ഔട്ട്‍ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത്. 63.28 ലക്ഷം രൂപയുടെ വില്‍പനയാണ് ക്രിസ്മസ് തലേന്ന് നെടുമ്പാശ്ശേരിയില്‍ നടന്നത്. മുന്‍വര്‍ഷം ഇത് 51.30 ലക്ഷമായിരുന്നു.  ബെവ്കോയുടെ ഇരിങ്ങാലക്കുട ഔട്ട്‍ലെറ്റാണ് മദ്യവില്‍പനയില്‍ രണ്ടാമത്. 53.74 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. കഴിഞ്ഞ വര്‍ഷം 51.23 ലക്ഷത്തിന്‍റെ മദ്യം ഇവിടെ വിറ്റിരുന്നു. സംസ്ഥാനത്താകെ 270 ഔട്ട്ലെറ്റുകളാണ് ബെവ്കോയ്ക്കുള്ളത്. 

കണ്‍സ്യൂമര്‍ഫെഡ്  ക്രിസ്‍മസ് തലേന്ന് 9.46 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം 8.26 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. കൗണ്‍സ്യമൂര്‍ ഫെഡിന്‍റെ മദ്യവില്‍പന ഈ വര്‍ഷം 15 ശതമാനം വര്‍ധിച്ചു. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനകേന്ദ്രം കൊടുങ്ങല്ലൂരിലേതാണ് . 56 ലക്ഷം. കഴിഞ്ഞ വര്‍ഷം ഇവിടെ 44 ലക്ഷം രൂപയുടെ മദ്യമായിരുന്നു വിറ്റത്. 

വില്‍പനയില്‍ രണ്ടാം സ്ഥാനത്ത് ആലപ്പുഴ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലെറ്റാണ്. 55 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. കഴിഞ്ഞ വര്‍ഷം 35 ലക്ഷം രൂപയുടെ മദ്യമായിരുന്നു ഇവിടെ വിറ്റത്. സംസ്ഥാനത്ത് ആകെ 36 ഔട്ട്‍ലെറ്റുകളും മൂന്ന് ബിയര്‍ പാര്‍ലറുകളുമാണ് കണ്‍സ്യൂമര്‍ഫെഡിനുള്ളത്.  തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലെ കണ്‍സ്യൂമര്‍ ഫെഡ് ബിയര്‍ പാര്‍ലറില്‍ പത്ത് ലക്ഷം രൂപയുടെ ബിയര്‍ വിറ്റു.  കോവളത്ത് 7 ലക്ഷത്തിനും കലൂരില്‍ 3 ലക്ഷം രൂപയ്ക്കും ബിയര്‍ വില്‍ക്കപ്പെട്ടു. 

Follow Us:
Download App:
  • android
  • ios