തിരുവനന്തപുരം: ജനതാ കർഫ്യൂവിന്റെ തലേന്ന് ബെവ്കോ വഴി വിറ്റത് 63.92 കോടി രൂപയുടെ മദ്യം. ദിവസേന 28 മുതൽ 30 കോടിയുടെ മദ്യം വിൽക്കുമ്പോഴാണ് കർഫ്യൂവിന്റെ തലേ ദിവസം വൻ വില്പന ഉണ്ടായത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കർഫ്യൂ. അന്ന് ബെവ്ക്കോ- കണ്‍സ്യൂമ‌ർഫെഡ് ഔട്ട് ലെറ്റുകളും ബാറുകളും അടഞ്ഞു കിടന്നു. കർഫ്യൂവിന്റെ തലേ ദിവസമായ ശനിയാഴ്ച മദ്യവിൽപ്പന പൊടിപൊടിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് 21ന് ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ വഴി 29.23 കോടിയുടെ മദ്യമാണ് വിറ്റത്. പക്ഷെ ഈ വർഷം വിറ്റത് 63.92 കോടിയുടെ മദ്യം. സംസ്ഥാനത്ത് 265 ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ വഴിയുള്ള വിൽപ്പനയാണിത്. വെയർഹൗസിലൂടെ 12.68 കോടിയുടെ മദ്യം വിറ്റു. 

Also Read: കർഫ്യൂവിന് തലേന്ന് മദ്യവിൽപന ശാലകളിൽ കണ്ടത് വൻതിരക്ക്

അതായത് മദ്യവിൽപ്പനയിൽ കഴിഞ്ഞ വർഷത്തെക്കാള്‍ 118 ശതമാനത്തിന്റെ വർദ്ധനയുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഔദ്യോഗികമായി കണക്കുകള്‍ പുറത്തുവിടാൻ ബെവ്ക്കോ തയ്യാറായിട്ടില്ല. ശരാശരി 28നും 30 നും ഇടയിൽ മദ്യവിൽപ്പന പ്രതിദിനം ബെവ്ക്കോ വഴി നടക്കുന്നുവെന്നാണ് കണക്ക്. അങ്ങനെയെങ്കിൽ ജനതാ കർഫ്യൂവിന് തലേന്ന് നടന്ന മദ്യ കച്ചവടം ‍ഞെട്ടിക്കുന്നതാണ്. പുതുവത്സര തലേന്നത്തെ വില്പനയാണ് ഇപ്പോഴും റെക്കോർഡ്. 68.57 കോടിയുടെ മദ്യമാണ് അന്ന് വിറ്റത്. ജനതാ കർഫ്യു തലേന്നത്തെ കണ്‍സ്യൂമ‌ർഫെഡ് ഔട്ട് ലെറ്റിലെയും  കള്ളു ഷാപ്പിലെയും വിൽപ്പന കണക്ക് പുറത്തുവിട്ടിട്ടില്ല.

Also Read: ബെവ്കോ പൂട്ടി, കള്ളുഷാപ്പുകളുമില്ല, മദ്യം ഓൺലൈനിൽ വിൽക്കുന്നത് പരിഗണിക്കുന്നു