തിരുവനന്തപുരം: ലൈഫ് മിഷൻ-റെഡ് ക്രസന്‍റ് വിവാദ  രേഖകൾ തന്നില്ലെങ്കിൽ ലൈഫ് മിഷനിലെ പദവി ഒഴിയുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. ലൈഫ് മിഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് നാൽപ്പത് ദിവസം കഴിഞ്ഞിട്ടും അവ പ്രതിപക്ഷ നേതാവിന് ലഭിച്ചിട്ടില്ല. 

തനിക്ക് രേഖകൾ നിഷേധിക്കപ്പെട്ടതോടെ സർക്കാർ കൂടി അറിഞ്ഞു കൊണ്ടാണ് കമ്മീഷൻ കൊടുത്തത് എന്ന് അനുമാനിക്കേണ്ടി വരും. നാല് മിഷന്റെയും കമ്മിറ്റി അംഗമായ തനിക്ക് അതിന്റെ കോപ്പി തരാത്തത് ജനാധിപത്യ നടപടി അല്ല. രണ്ട് ദിവസം കൂടി കോപ്പി കിട്ടാൻ കാത്തിരിക്കും എന്നിട്ടും കിട്ടിയില്ലെങ്കിൽ കമ്മിറ്റിയിൽ നിന്നും താൻ രാജിവയ്ക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. 

വിവാദ രേഖകൾ ഏഷ്യാനെറ്റ് ന്യൂസ് ആവശ്യപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും ലൈഫ് മിഷൻ ഓഫീസ് മറുപടി നൽകിയിട്ടില്ല.വിവരാവകാശ നിയമത്തിന്‍റെ ലംഘനമാണിത്. അതേ സമയം തദ്ദേശ സ്വയംഭരണ വകുപ്പിന് നൽകിയ അപേക്ഷയിൽ ഒരുമാസത്തിനിപ്പുറം ചില രേഖകൾക്ക് പണമടക്കാൻ ആവശ്യപ്പെട്ടുള്ള മറുപടിയാണ് ലഭിച്ചത് അതിലും വിവാദ രേഖകൾ നൽകുമോ എന്ന് വ്യക്തമല്ല പ്രതിപക്ഷ നേതാവ് സർക്കാരിനോട് രേഖകൾ ആവശ്യപ്പെട്ടിട്ട് ഇന്ന് 40ആം ദിവസം. ധാരണാപത്രം പോയിട്ട് ഒരു മറുപടി പോലുമില്ല.