നിയമനക്കോഴ കേസ്; നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചു, മുഖ്യ ആസൂത്രകന്‍ ബാസിതിന്‍റെ തെളിവെടുപ്പ് പൂര്‍ത്തിയായി
തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് ഇൻസ്പെക്ടർ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്.

മലപ്പുറം:ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കോഴക്കേസിലെ മുഖ്യ ആസൂത്രകൻ ബാസിതുമായി അന്വേഷണ സംഘം മലപ്പുറത്ത് നടത്തിയ തെളിവെടുപ്പ് പൂർത്തിയായി.പ്രതികള്‍ ഗൂഢാലോചന നടത്തിയെന് കരുതുന്ന മഞ്ചേരി പാണ്ടിക്കാട് കേന്ദ്രീകരിച്ചായിരുന്നു ഇന്ന് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ മലപ്പുറം ടൗണിലെയും മഞ്ചേരിയിലെയും സ്വകാര്യ ബാർ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തിരുന്നു. നിർണായകയമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചുവെന്നാണ് സൂചന. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് ഇൻസ്പെക്ടർ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
മരുമകള്‍ക്ക് ആരോഗ്യവകുപ്പിൽ നിയമനം ലഭിക്കാനായി ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് കോഴ നൽകിയെന്ന മലപ്പുറം സ്വദേശി ശിവദാസന്‍റെ പരാതിയെ തുടർന്നുള്ള അന്വേഷണമാണ് സുഹൃത്തായ ബാസിത്തിലെത്തിയത്. ബാസിത്താണ് പണം കൈക്കലാക്കിയതെന്ന് കണ്ടെത്തിയതോടെയാണ് ഒക്ടോബർ പത്തിന് ബാസിത്തിനെ അറസ്റ്റ് ചെയ്ത്ത്.. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബാസിത്തിനെ വ്യാഴാഴ്ചയാണ് പോലീസ് കസറ്റഡിയിൽ വാങ്ങിയത്. അഞ്ച് ദിവസമാണ് കസ്റ്റഡി കാലാവധി.
ഇതിനിടെ, ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കോഴക്കേസിലെ മുഖ്യ ആസൂത്രകന്‍ ബാസിത്ത് തിരുവനന്തപുരത്തെത്തിയപ്പോൾ താമസിച്ചത് എംഎൽഎ ഹോസ്റ്റിലിലാണെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിയമന ശുപാർശക്കായി ഹരിദാസിനെയും കൂട്ടിയെത്തിയപ്പോഴാണ് കൊടുങ്ങല്ലൂർ എംഎൽഎയുടെ മുറിയിൽ പ്രതി താമസിച്ചത്. ബാസിത്തുമായി ബന്ധമില്ലെന്നും പാർട്ടി പ്രവർത്തകനെന്നു പറഞ്ഞപ്പോൾ പി.എ.മുറി നൽകിയതാണെന്നും കൊടുങ്ങല്ലൂർ എംഎൽഎ സുനിൽ കുമാർ പറഞ്ഞു.
ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരായ കോഴക്കേസിന് പിന്നിൽ പ്രതിപക്ഷമാണെന്ന് മുഖ്യമന്ത്രി ആരോപിക്കുമ്പോഴാണ് ഭരണപക്ഷത്തിനെയും കുഴയ്ക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. മെഡിക്കൽ ഓഫീസർ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പിഎയെ കാണാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബാസിത്ത് മലപ്പുറം സ്വദേശിയായ ഹരിദാസിനെ സെക്രട്ടറിയേറ്റിലെത്തിച്ചത്. ഏപ്രിൽ 10,11 തീയതികളിൽ തിരുവനന്തപുരത്ത് ഹരിദാസിനൊപ്പം എത്തിയപ്പോള്‍ താമസിച്ചത് കൊടുങ്ങല്ലൂർ എംഎൽഎയും സിപിഐ നേതാവുമായ സുനിൽ കുമാറിൻെറ മുറിയിലാണ്.
എഐഎസ്എഫ് മുൻ നേതാവായ ബാസിത്തിനെ സംഘടാവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് പുറത്താക്കിയിരുന്നു. പക്ഷെ പഴയ ഒരു സുഹൃത്ത് വഴിയാണ് മുറി തരപ്പെടുത്തിയതെന്നാണ് ബാസിത്ത് പൊലീസിന് നൽകിയ മൊഴി.ഹരിദാസിന്‍റെ വിശ്വാസം കൂട്ടാൻ കൂടിയായിരുന്നു എംഎൽഎ ഹോസ്റ്റലിലെ താമസം. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ കയറാൻ കഴിയാതെയാണ് ഹരിദാസൻ തിരിച്ചു പോയത്. തലസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്ക് വരുന്നവരെ പാർട്ടി പ്രവർത്തകർ പരിചയപ്പെടുത്തിയാൽ മുറി നൽകുന്നത് പതിവാണെന്നും, ബാസിത്തിനെ അറിയില്ലെന്നും സുനിൽ കുമാർ എംഎൽഎ പറഞ്ഞു.
'ബാസിതുമായി ബന്ധമില്ല, സംഘടനയുടെ പേര് പറഞ്ഞ് എത്തിയതിനാൽ താമസിപ്പിച്ചു': വിആർ സുനിൽകുമാർ