Asianet News MalayalamAsianet News Malayalam

തോരാമഴയിൽ വലഞ്ഞ് ജനം: ഏഴ് ജില്ലകളിൽ റെഡ് അലർട്ട്, ട്രെയിൻ ഗതാഗതം താറുമാറായി

അറബിക്കടലിൽ ന്യൂനമർദ്ദം രൂപം പ്രാപിച്ചതാണ് കനത്ത മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സംസ്ഥാനത്ത് തോരാമഴയിൽ ട്രെയിൻ ഗതാഗതം ഏതാണ്ട് പൂർണമായും സ്തംഭിച്ച നിലയിലാണ്.

red alert declared in 7 districts due to heavy rain
Author
Thiruvananthapuram, First Published Oct 21, 2019, 1:33 PM IST

തിരുവനന്തപുരം: കനത്ത മഴയെതുടർന്ന് സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ  ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കണ്ണൂരും കാസർകോടും ഒഴികെയുള്ള മറ്റ് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ്  നാളെ റെഡ് അലർട്ട്

കനത്ത മഴയിൽ കേരളത്തിന്‍റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് എറണാകുളമടക്കമുള്ള ജില്ലകളിൽ ജനജീവിതം സ്തംഭിച്ചു. അറബിക്കടലിൽ ന്യൂനമർദ്ദം രൂപം പ്രാപിച്ചതാണ് കനത്ത മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സംസ്ഥാനത്ത് തോരാമഴയിൽ ട്രെയിൻ ഗതാഗതം ഏതാണ്ട് പൂർണമായും സ്തംഭിച്ച നിലയിലാണ്.

ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ കനത്ത മഴ പെയ്തത് പോളിംഗ് ശതമാനം കുത്തനെ കുറയാൻ വഴി വയ്ക്കുമെന്നാണ് കണക്കുകൂട്ടൽ. പല തീവണ്ടികളും റദ്ദാക്കുകയോ പകുതി വഴിക്ക് യാത്ര നിർത്തുകയോ ചെയ്തു. കനത്ത മഴയുടെ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. നീരൊഴുക്ക് കൂടിയതിനാൽ, നെയ്യാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. 

 

റദ്ദാക്കിയ ട്രെയിനുകൾ

എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകളിൽ ട്രാക്കിൽ വെള്ളം കയറി. അതുകൊണ്ടുതന്നെ, ഇരു സ്റ്റേഷനുകൾ വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ച നിലയിലാണ്. ദീർഘദൂരട്രെയിനുകളെല്ലാം മണിക്കൂറുകൾ വൈകിയോടുകയാണ്. പിറവം - വൈക്കം ഭാഗത്ത് റെയിൽവേ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനാൽ ഇവിടെയും ഗതാഗതം തടസ്സപ്പെട്ടു. 

  • തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ആലപ്പുഴയിൽ സർവീസ് അവസാനിപ്പിച്ചു
  • തിരുവനന്തപുരം ഡിവിഷനിൽ നിന്നുള്ള എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി
  • 56384 ആലപ്പുഴ - എറണാകുളം, 56381 - എറണാകുളം- കായംകുളം, 56382 കായം കുളം- എറണാകുളം, 56387 - എറണാകുളം - കായംകുളം, 56388 - കായംകുളം-എറണാകുളം പാസഞ്ചറുകളാണ് റദ്ദാക്കിയത്
  • വേണാട് എക്സ്പ്രസ് -  (തിരുവനന്തപുരം - ഷൊർണൂർ ) എറണാകുളം നോർത്ത് വഴി തിരിച്ചുവിട്ടു
  • 56392 - കൊല്ലം - എറണാകുളം പാസഞ്ചർ തൃപ്പുണിത്തുറയിൽ സർവീസ്  അവസാനിപ്പിച്ചു
  • എറണാകുളം - ആലപ്പുഴ പാസഞ്ചർ റദ്ദാക്കി
  • 16127 ഗുരുവായൂർ എക്സ്പ്രസ് എറണാകുളം ജം​ഗ്ഷനിൽ താൽക്കാലികമായി നിർത്തിവച്ചു

തെക്കൻ, മധ്യകേരളത്തിൽ വൻനാശം

കൊല്ലത്തിന്‍റെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. പത്തനാപുരം ആവണീശ്വരത്ത് 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മൺറോ തുരുത്തിൽ രണ്ട് വീടുകൾ മഴയിൽ തകർന്നുവീണു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ശക്തമായ മഴ തുടരുന്നതിനാൽ മണിയാർ ഡാമിലെ ഷട്ടറുകൾ 50 സെന്‍റീമീറ്റർ ഉയർത്തുമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു. പമ്പയുടെയും കക്കാട്ടാറിന്‍റേയും തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 

നീരൊഴുക്ക് ശക്തമായതിനാൽ പേപ്പാറ ഡാമിന്റെ രണ്ടു ഷട്ടറുകൾ അഞ്ചു സെന്‍റീമീറ്റർ വീതം ഉയർത്തും. 11 മണിയോടെയാകും ഷട്ടറുകൾ ഉയർത്തുക.

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 120 സെന്റി മീറ്റർ ഉയർത്തിയിട്ടുണ്ട്. നീരൊഴുക്ക് തുടരുന്നതു കണക്കിലെടുത്ത് അര മണിക്കൂറിനു ശേഷം 60 സെന്റി മീറ്റർ കൂടി ഉയർത്തുമെന്നും അധികൃതർ അറിയിച്ചു.

ആലപ്പുഴ ജില്ലയിൽ പുലർച്ചെ മുതൽ പെയ്ത ശക്തമായ മഴയിൽ കുട്ടനാട്ടിലെ ജലനിരപ്പ് ഉയർന്നു. രണ്ടാംവിള കൃഷിയിറക്കിയ പാടങ്ങളിൽ വെള്ളം കയറിയതോടെ ആശങ്കയിലാണ് കുട്ടനാട്ടിലെ നെൽകർഷകർ. കഴിഞ്ഞതവണ മടവീഴ്ച ഉണ്ടായ വലിയകരി കനകാശ്ശേരി പാടശേഖരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കാവാലം രാമരാജപുരം പാടശേഖരത്തിൽ മടവീണു. മഴ ശക്തമായി തുടർന്നാൽ മറ്റു പാടങ്ങളിലും മടവീഴ്ചയ്ക്കുള്ള സാധ്യതയുണ്ട്. 

ആലപ്പുഴ നഗരത്തിലെ ചുങ്കം, പള്ളാത്തുരുത്തി, പുന്നമട ഉൾപ്പടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. അതേസമയം ഇതുവരെ ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ ഒന്നും തന്നെ തുറന്നിട്ടില്ല. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ വിവിധയിടങ്ങളിൽ വെള്ളംകയറിയിട്ടുണ്ടെങ്കിലും ഗതാഗത തടസ്സമില്ല. 

കാരണം ന്യൂനമർദ്ദം

ഇപ്പോൾ മഴ ഉണ്ടായിരിക്കുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണെന്ന് കാലാവസ്ഥാ നിരീക്ഷകനും ശാസ്ത്രജ്ഞനുമായ ഡോ. ശേഖർ കുര്യാക്കോസ് ചൂണ്ടിക്കാട്ടുന്നു. അറബിക്കടലിൽ കന്യാകുമാരി തീരത്ത് നിന്ന് മാറി ന്യൂനമർദ്ദമുണ്ടായിട്ടുണ്ട്. അതും തുലാവർഷത്തിന്‍റെ പ്രഭാവവും കൂടിച്ചേർന്നുള്ള ഒരു പ്രതിഭാസം മൂലമാണ് ശക്തമായ മഴ പെയ്യുന്നത്. അടുത്ത പത്ത് ദിവസത്തേക്ക് ഇത്തരത്തിൽ മഴ തുടരാൻ സാധ്യതയുണ്ട്. വൈകിട്ട് രണ്ട് മണി മുതൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്.

ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ഉന്നതതലയോഗം വിളിച്ച് ചേർത്തിരിക്കുന്നത്. ജില്ലകളിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും യോഗങ്ങൾ വിളിച്ചിട്ടുണ്ട്. കൂടുതൽ ദേശീയ ദുരന്തനിവാരണ സേനയെ ആവശ്യമെങ്കിൽ നിയോഗിക്കുന്ന കാര്യം ആലോചിക്കുമെന്നും ശേഖർ കുര്യാക്കോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios