കെഎസ്ഇബിയും റെഗുലേറ്ററി കമ്മീഷനും തമ്മിൽ തര്‍ക്കം നിലനിൽക്കുന്നതിനിടെ കമ്മീഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കിടെയാണ് ഇന്ന് രാവിലെ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയത്. 

തിരുവനന്തപുരം: കെഎസ്ഇബിയും റെഗുലേറ്ററി കമ്മീഷനും തമ്മിൽ തര്‍ക്കം നിലനിൽക്കുന്നതിനിടെ കമ്മീഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കിടെയാണ് ഇന്ന് രാവിലെ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയത്. 250 മെഗാ വാട്ട് വൈദ്യുതി പുറത്ത് നിന്ന് വാങ്ങാനുള്ള പെറ്റീഷനുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. പുറത്തു നിന്ന് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷന് കഴിഞ്ഞ എട്ടിനാണ് കെഎസ്ഇബി പെറ്റീഷൻ നൽകിയത്. എന്നാൽ, കമ്മീഷൻ നടപടികള്‍ വൈകിപ്പിച്ചുവെന്നാണ് വൈദ്യുതി വകുപ്പിന്‍റെ നിലപാട്. ഇക്കഴിഞ്ഞ 24നാണ് റെഗുലേറ്ററി ബോര്‍ഡ് ഇതുമായി ബന്ധപ്പെട്ട് ഹിയറിങ് നടത്തിയത്. അന്നും അനുമതി നൽകികൊണ്ടുള്ള ഉത്തരവിറക്കിയില്ല.

Add Asianetnews as a Preferred SourcegooglePreferred

ഒടുവിൽ മന്ത്രിയുടെ ഓഫീസ് പ്രതിഷേധിച്ചപ്പോഴാണ് 26 ന് ഉത്തരവ് ഇറങ്ങിയത്. അപ്പോഴേക്കും പവർ എക്സ്ചേഞ്ചൽ വൈദ്യുതി ലഭ്യമല്ലായിരുന്നു. കഴിഞ്ഞ 18 വരെ വൈദ്യുതി ലഭ്യമായിരുന്നു. നേരത്തെ പെറ്റീഷനിൽ തീരുമാനം എടുത്തിരുന്നെങ്കിൽ വൈദ്യുതി കിട്ടുമായിരുന്നുവെന്നും ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നുമാണ് കെഎസ്ഇബി പറയുന്നത്. 

തീരുമാനം വൈകിയതിനെക്കുറിച്ച് റെഗുലേറ്ററി കമ്മീഷനോട് ചോദിക്കണമെന്ന് മന്ത്രി

കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും നടപടികള്‍ വൈകിയതിനെക്കുറിച്ച് റെഗുലേറ്ററി കമ്മീഷനോടാണ് ചോദിക്കേണ്ടതെന്ന മറുപടിയാണ് നൽകിയത്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കെഎസ്ഇബിയെന്നും വീണ്ടും ഇടപെട്ടാണ് അനുമതി വാങ്ങിയതെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കെഎസ്ഇബി നൽകുന്ന അപേക്ഷയിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ട ഉത്തരവാദിത്തം റെഗുലേറ്ററി കമ്മീഷനുണ്ട്. എന്തുകൊണ്ട് കമ്മീഷൻ തീരുമാനം വൈകി എന്ന് അവരോട് ചോദിക്കണമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കമ്മീഷന്‍റെ ഭാഗത്തിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള നടപടി വൈകിയപ്പോൾ ബോർഡ് ഇടപെട്ടുവെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.ഇപ്പോഴും സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്നും കറന്‍റ് പോകുന്നത് ലോഡ് കൂടുമ്പോഴാണെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.

YouTube video player