Asianet News MalayalamAsianet News Malayalam

ഇറാൻ പിടിച്ച ബ്രിട്ടീഷ് കപ്പലിലെ മലയാളികൾക്ക് മോചനമായില്ല, കാത്തിരുന്ന് കുടുംബങ്ങൾ

കഴിഞ്ഞ ദിവസം കപ്പലിലുള്ള ഏഴ് പേരെ മോചിപ്പിച്ചിരുന്നെങ്കിലും ഇവരിൽ മലയാളികളാരുമുണ്ടായിരുന്നില്ല. ഇവരുടെ മോചനം ഉടനെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

relatives concerned about malayalis of british ship seized by iran
Author
Kochi, First Published Sep 5, 2019, 8:53 AM IST

കൊച്ചി: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ മലയാളികളുടെ തിരിച്ചുവരവ് വീണ്ടും നീളുകയാണ്. കഴിഞ്ഞ ദിവസം കപ്പലിലുള്ള ഏഴ് പേരെ മോചിപ്പിച്ചിരുന്നെങ്കിലും ഇവരിൽ മലയാളികളാരുമുണ്ടായിരുന്നില്ല. ഇവരുടെ മോചനം ഉടനെയുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് കുടുംബം.

കപ്പലിൽ നിന്ന് മോചിപ്പിച്ചവരിൽ അഞ്ച് ഇന്ത്യക്കാരുണ്ടെന്ന വാർത്ത വലിയ പ്രതീക്ഷയോടെയാണ് തൃപ്പൂണിത്തുറ സ്വദേശി ഷിജു ഷേണായിയുടെ കുടുംബം കേട്ടത്. എന്നാൽ അതിന് പിന്നാലെ ഷിജുവിന്‍റെ ഫോണെത്തി. മോചിപ്പിക്കുന്നവരിൽ മലയാളികൾ ആരുമില്ലെന്ന് ഷിജു അറിയിച്ചതോടെ ഇവരുടെ കാത്തിരിപ്പ് പിന്നെയും നീളുകയാണ്. 

ഷിജു ദിവസവും വിളിക്കാറുണ്ടെന്നും വൈകാതെ തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷയെന്നും ഷിജുവിന്‍റെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞു. കപ്പൽ അധികൃതർ നിരന്തരം തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ബാക്കിയുള്ളവരുടെ മോചനം ഉടനുണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷിജുവിനെ കൂടാതെ കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനും കപ്പലിലുണ്ട്. കഴിഞ്ഞ ജൂലൈ 19 നാണ് ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് വച്ച് ബ്രിട്ടന്‍റെ എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോ ഇറാന്‍ പിടിച്ചെടുത്തത്. പതിനെട്ട് ഇന്ത്യക്കാരടക്കം ഇരുപത്തിമൂന്ന് പേരാണ് കപ്പലിലിലുള്ളത്.

Follow Us:
Download App:
  • android
  • ios