Asianet News MalayalamAsianet News Malayalam

ഇസ്രയേൽ ആക്രമണത്തിൽ ബന്ധുക്കൾ കൊല്ലപ്പെട്ടു; പലസ്തീൻ വിദ്യാര്‍ഥിനിയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

വിദേശവിദ്യാർഥികളുടെ സംഗമത്തിൽ പങ്കെടുക്കാനുളള തയ്യാറെടുപ്പിനിടെയാണ് ഗാസയിലെ ഇവരുടെ വീട് ബോംബാക്രമണത്തില്‍ തകര്‍ന്ന് ബന്ധുക്കള്‍ കൊല്ലപ്പെട്ടെന്ന വാർത്ത അറിഞ്ഞത്. 

relatives died in israel attack pinarayi vijayan consoled Palestinian student joy
Author
First Published Oct 20, 2023, 8:35 PM IST

തിരുവനന്തപുരം: ഇസ്രയേല്‍ ആക്രമണത്തില്‍ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട പലസ്തീന്‍ യുവതിയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള യൂണിവേഴ്‌സിറ്റിയില്‍ എംഎ ലിംഗ്വിസ്റ്റിക്‌സ് വിദ്യാര്‍ത്ഥിനി ഫുറാത്ത് അല്‍മോസാല്‍മിയും ഭര്‍ത്താവും പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമായ സമര്‍ അബുദോവ്ദയെയുമാണ് മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ടത്. 

കേരളീയം പരിപാടിയുടെ ഭാഗമായി ഇന്നലെ കനകകുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച വിദേശ വിദ്യാര്‍ഥി സംഗമം പരിപാടിയിലേക്ക് ഇരുവര്‍ക്കും ക്ഷണം ഉണ്ടായിരുന്നു. അതില്‍ പങ്കെടുക്കാനുളള തയ്യാറെടുപ്പിനിടെയാണ് ഗാസയിലെ ഇവരുടെ വീട് ബോംബാക്രമണത്തില്‍ തകര്‍ന്ന് ബന്ധുക്കള്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഇരുവരേയും തേടിയെത്തിയത്. ഇന്നലെ 12 മണിക്ക് നടന്ന ഇസ്രയേലിന്റെ റോക്കറ്റ് ആക്രമണത്തിലാണ് ഇവരുടെ അടുത്ത ബന്ധുക്കള്‍ കൊല്ലപ്പെടുകയും വീട് തകരുകയും ചെയ്തത്. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനായില്ല. യൂണിവേഴ്‌സിറ്റി അധികാരികളില്‍ നിന്ന് ഇക്കാര്യം മനസിലാക്കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫുറാത്തിനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചത്. 

വടക്കന്‍ ഗാസയില്‍ നടന്ന ആക്രമണത്തില്‍ ഇരുവരുടെയും മാതാപിതാക്കള്‍ അടക്കമുള്ളവര്‍ തെക്കന്‍ ഗാസയിലേക്ക് പാലായനം ചെയ്തിരിക്കുകയാണ്. ഇന്നലെ നടന്ന ബോബാക്രമണത്തില്‍ ഇവരുടെ അപ്പാര്‍ട്ട്‌മെന്റും തകര്‍ക്കപ്പെട്ടിരുന്നു. സര്‍വസ്വവും നഷ്ടപ്പെട്ട് ഇരുവരുടെയും മാതാപിതാക്കള്‍ ഇപ്പോള്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് കഴിയുന്നത്.


ഗാസയില്‍ ആക്രമിക്കപ്പെട്ടത് മതഭേദമില്ലാതെ പലസ്തീനികള്‍ക്ക് അഭയം നല്‍കിയ പുരാതന ക്രിസ്ത്യന്‍ പള്ളി

ഗാസ: സംഘര്‍ഷ കാലങ്ങളില്‍ മതഭേദമന്യേ എല്ലാവര്‍ക്കും അഭയമേകിയിരുന്ന ഗാസയിലെ പുരാതന ക്രിസ്ത്യന്‍ പള്ളിക്ക് നേരെയും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. സെന്റ് പോര്‍ഫിറിയസ് പള്ളിയില്‍ അഭയം തേടിയ നിരവധി പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പലരെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനാല്‍ എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ചിലര്‍ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും എപി റിപ്പോര്‍ട്ട് ചെയ്തു. 

ഇസ്രയേലിന് നേരെ റോക്കറ്റുകളും മോര്‍ട്ടാറുകളും വിക്ഷേപിക്കുന്ന കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന് നേരെയായിരുന്നു ആക്രമണം എന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രതികരണം. അതിനിടെ പ്രദേശത്തെ ഒരു പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചെന്നും എത്രത്തോളം അത്യാഹിതമുണ്ടായി എന്നത് പരിശോധിക്കുകയാണെന്നും സൈനികോദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 

'പിണറായിയെ കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല'; പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ദേവഗൗഡ 
 

Follow Us:
Download App:
  • android
  • ios