കുമ്പള: കാസര്‍കോട് അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയ്ക്ക് നാളെ ഒരു ദിവസം ഇളവ്. നബിദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള അപേക്ഷകള്‍ പരിഗണിച്ചാണ് ഒരുദിവസത്തേക്ക് ഇളവ് പ്രഖ്യാപിച്ചത്. കാല്‍നടയായി  നബിദിന റാലി അനുവദിക്കുന്നതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. നാളെ രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് 12 മണിവരെയായിരിക്കും ഇളവ്.  

നബിദിന ആഘോഷ സംഘാടകര്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരില്‍ നിന്നും നബിദിന റാലി, റൂട്ട്, സമയം എന്നിവ കാണിച്ച് മുന്‍കൂട്ടി അനുവാദം വാങ്ങണം. സമാധാനപരമായി റാലി നടത്തണം, പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാൻ പാടില്ല,  റാലിയിൽ പങ്കെടുക്കുന്നവർ ബൈക്ക്, കാർ എന്നിവ ഉപയോഗിക്കാൻ പാടില്ല, റാലിയിൽ പങ്കെടുക്കുന്ന പുരുഷന്മാർ മുഖം മറയ്ക്കുന്ന മാസ്ക് ഒഴിവാക്കണം തുടങ്ങിയവയാണ് ജില്ലാ ഭരണകൂടം മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍. 

മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുർഗ്, ചന്ദേര എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് 11-)ം തിയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. അയോധ്യക്കേസില്‍ വിധി വരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ കാസര്‍കോട് അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.