Asianet News MalayalamAsianet News Malayalam

റിമാന്‍റ് പ്രതി ഷെമീറിന്‍റെ മരണം; ആറ് ജയിൽ ഉദ്യോഗസ്ഥർ അറസ്റ്റിൽ

അമ്പിളിക്കല കൊവിഡ് സെന്‍ററില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. 

remand accused death in thrissur six prison officials in arrest
Author
Thrissur, First Published Nov 9, 2020, 5:38 PM IST

തൃശ്ശൂര്‍: തൃശ്ശൂരിൽ റിമാന്‍റ് പ്രതി ഷെമീറിന്‍റെ മരണത്തിൽ ആറ് ജയിൽ ഉദ്യോഗസ്ഥർ അറസ്റ്റിൽ. അമ്പിളിക്കല കൊവിഡ് സെന്‍ററില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസിലെ പ്രതിയായ ഷെമീർ മരിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് കേസിൽ ആറ് പേർ അറസ്റ്റിലാകുന്നത്. നേരത്തെ പൊലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 

ജില്ലാ ജയിലിലെ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍ അരുണ്‍, അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍മാരായ വിവേക്, രമേശ്, പ്രദീപ്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സുഭാഷ്, അസിസ്റ്റന്‍റ് ജയില്‍ സൂപ്രണ്ട് രാഹുൽ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഷെമീർ റിമാന്‍റിലായിരിക്കെ അമ്പിളിക്കല കൊവിഡ് സെന്‍ററില്‍ ഇവരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിലുള്ളത്.

ഇതിന് പുറമെ ശരീരത്തിൽ മർദ്ദനമേറ്റ 40 ലേറെ മുറിവുകളും ഉണ്ടായിരുന്നു. ഷെമീറിനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടതായി ഭാര്യയുൾപ്പെടെയുള്ള മറ്റു പ്രതികളുടെ മൊഴി നിർണ്ണായകമായി. സംഭവത്തിൽ ലോക്കൽ പൊലീസ് ജയിൽ ജീവനക്കാർക്ക് എതിരെ കേസെടുത്തപ്പോൾ തന്നെ ഇവരെ ജയിൽ വകുപ്പ് സ്ഥലം മാറ്റുകയും സസ്പെന്‍റ് ചെയ്യുകയും ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശി ഷെമീർ ഓക്ടോബർ ഒന്നിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Follow Us:
Download App:
  • android
  • ios