പത്മയെ ഷാഫിയും റോസ്‍ലിയും ലൈലയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. 

കൊച്ചി: ഇലന്തൂര്‍ നരബലിയുടെ പൈശാചികത വിവരിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ട്. ദേവിപ്രീതിക്കായാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്മയെ ഷാഫിയും റോസ്‍ലിയെ ലൈലയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. റോസ്‍ലിയുടെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിംഗ് മാറിടം മുറിച്ചുമാറ്റി. കേസില്‍ പ്രതികളെ രണ്ടാഴ്‍ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കാക്കനാട് ജയിലിലേക്ക് പ്രതികളെ മാറ്റി. 

സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേൽപ്പിച്ച് ആനന്ദം കണ്ടെത്തിയ ക്രൂരനായ കൊലയാളിയാണ് മുഖ്യപ്രതി ഷാഫി. ആസൂത്രണം ചെയ്യുന്ന പദ്ധതി നടപ്പാക്കാൻ പ്രത്യേക മിടുക്കും വാക‍്‍ചാതുര്യവും ഉണ്ടായിരുന്നു ഷാഫിക്ക്. രണ്ട് വർഷം മുൻപ് കോലഞ്ചേരിയിലെ വൃദ്ധയെ സമാനരീതിയിലാണ് ഷാഫി സ്വകാര്യ ഭാഗത്തടക്കം കത്തി കൊണ്ട് ആക്രമിച്ച് മരണത്തിന്‍റെ വക്കോളമെത്തിച്ചത്.

പതിനാറാം വയസ്സിൽ ഇടുക്കിയില്‍ നിന്ന് നാടുവിട്ട ഷാഫി പല ദേശത്ത് പല പേരുകളിലും തങ്ങി. ഇതിനിടയിൽ 8 കേസുകളിൽ പ്രതിയായി. 2020 കോലഞ്ചേരിയിൽ 75കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് സ്വകാര്യഭാഗം കത്തി കൊണ്ട് മുറിച്ചതാണ് ഇതിന് മുൻപുള്ള ക്രൂരകൃത്യം. തന്‍റെ ലക്ഷ്യം നേടാൻ കഥ മെനയും, പിന്നെ ആവശ്യക്കാരെ കണ്ടെത്തി ക്രൂരത നടപ്പാക്കി ആനന്ദം കണ്ടെത്തും. ഇലന്തൂരിലെ ഇരട്ട നരബലിയിൽ ജീവൻ നഷ്ടമായ സ്ത്രീകളുടെ ശരീരത്തിലും ഇയാൾ കത്തി കൊണ്ട് ക്രൂരത കാട്ടി ആനന്ദം കണ്ടെത്തിയിരുന്നു. ഇലന്തൂരിൽ കൊല്ലപ്പെട്ട റോസ്‍ലിക്കും പത്മയ്ക്കും പുറമെ മറ്റ് സ്ത്രീകളെയും മുഹമ്മദ് ഷാഫി ലക്ഷ്യമിട്ടിരുന്നു. പത്തനംതിട്ടയിലെത്താൻ തനിക്കും ഷാഫി അരലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് കത്തിമുനയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട റോസ്‍ലിയുടെ സുഹൃത്തായ യുവതി പറയുന്നത്.