കോട്ടയം: ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ ഉണ്ടായ ലാത്തിച്ചാര്‍ജ്ജിൽ പൊലീസ് കൈ തല്ലി ഒടിച്ചെന്ന എംഎൽഎ എൽദോ എബ്രഹാമിന്‍റെ വാക്കുകൾ വിശ്വാസത്തിൽ എടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൈക്ക് പൊട്ടലില്ലെന്ന മെഡിക്കൽ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന് പൊലീസിലുള്ള നിയന്ത്രണം നഷ്ടമായി.  പൊലീസിനെ ന്യായീകരിക്കുന്ന വിധം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എടുത്ത നിലപാട് ശരിയായില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

ഭരണകക്ഷി നേതാക്കളെ പോലും മർദ്ദിക്കുന്ന വിധത്തിലേക്ക് കേരളാ പൊലീസ് മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി വിജയന്‍റെ പൊലീസിന് എന്തൊക്കെയോ സംഭവിച്ചു എന്നാണ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം. 

പൊലീസ് ലാത്തിച്ചാര്‍ജ്ജിനിടെ കൈക്ക് പരിക്കേറ്റെന്നും എല്ലിൽ പൊട്ടലുണ്ടെന്നും ഉള്ള എൽദോ എബ്രഹാമിന്‍റെ വാദം ശരിയല്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടിരുന്നു. പരിക്ക് വ്യാജമെന്ന് പൊലീസും ആരോപിക്കുന്നുണ്ട്.