കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയെ കുറിച്ചുള്ള സിനിമയും സീരിയലും നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്, കുട്ടികളുടെ മാനസികാവസ്ഥയെ കരുതിയെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെ‌ഞ്ചി തോമസ്. റോയി തോമസിന്‍റെ മക്കളും സഹോദരി റെഞ്ചി തോമസുമാണ് ഇന്നലെ കോടതിയെ സമിപീച്ചത്. സീരിയലും സിനിമയും പ്രദര്‍ശിപ്പിക്കുന്നത് സ്വകാര്യ ജീവിതത്തെ ബാധിക്കുമെന്നാണ് ഇവരുടെ പരാതി. താമരശേരി കോടതി കേസ് തിങ്കളാഴ്ച്ച പരിഗണിക്കും.

കൂടത്തായി കൊലപാതകപരമ്പരയും ജോളിയുടെ ജീവിതവും പ്രമേയമായി ചിത്രീകരിച്ച സീരിയല്‍ അടുത്തയാഴ്ച്ച മുതല്‍ സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം തുടങ്ങുകയാണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപനവും നടന്നിരുന്നു. ഇതെല്ലാം സ്വാകാര്യ ജീവിതത്തെ ബാധിക്കുമെന്നുകാണിച്ചാണ് ജോളിയുടെയും റോയ് തോമസിന്‍റെയും രണ്ട് മക്കളും റോയ് തോമസിന്‍ സഹോദരി റെഞ്ചിയും കോടതിയെ സമീപിച്ചത്. സംപ്രേക്ഷണവും നി‍ര്‍മ്മാണവും തടയണമെന്നാണ് ഇവരുടെ ആവശ്യം.

താമരശേരി മുന്‍സിഫ് കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. സിനിമ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച ആന്‍റണി പെരുമ്പാവൂരിനോടും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനല്‍ മേധവികളോടും തിങ്കളാഴ്ച്ച കോടതിയിലെത്തി വിശദീകരണം നല്‍കാന‍് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടി കേട്ടശേഷമാകും അന്തിമ തീരുമാനമെടുക്കുക.

Also Read: കൂടത്തായി സിനിമകളും പരമ്പരകളും; ആന്‍റണി പെരുമ്പാവൂര്‍ അടക്കമുള്ള നിര്‍മാതാക്കള്‍ക്ക് നോട്ടീസ്