പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ ഡോ. എം പി പരമേശ്വരൻ (91) തൃശ്ശൂരിലെ വസതിയിൽ അന്തരിച്ചു. ശാസ്ത്രം സാമൂഹിക വിപ്ലവത്തിനായിരിക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച അദ്ദേഹം സാധാരണക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു

തൃശൂർ: കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ (91) അന്തരിച്ചു. തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. 1935 ജനുവരി 18 ന് ജനിച്ച അദ്ദേഹം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ബിരുദ പഠനത്തിന് ശേഷം മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആണവശാസ്ത്രത്തിൽ പി എച്ച് ഡി നേടുകയും 1957 ൽ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. വരേണ്യ അക്കാദമിക് മേഖല ഉപേക്ഷിച്ച് ശാസ്ത്രം സാമൂഹിക വിപ്ലവത്തിനായിരിക്കണം എന്ന ലക്ഷ്യത്തോടെ 1975 മുതൽ സി പി എമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനായി മാറി. മാക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങളും വൈരുധ്യാത്മക ഭൗതികവാദവും ലളിതമായി വിശദീകരിക്കുന്ന നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

സമ്പൂർണ സാക്ഷര കേരളത്തിന്‍റെ ശിൽപ്പികളിലൊരാൾ

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജനകീയ പ്രസ്ഥാനമായുള്ള പരിവർത്തനത്തിലും പ്രവർത്തനങ്ങളിലും സുപ്രധാന പങ്കുവഹിച്ച അദ്ദേഹം, ഗ്രാമശാസ്ത്രം, വികേന്ദ്രീകരണം, നാടിന് ചേർന്ന ഇന്റർമീഡിയറ്റ് സാങ്കേതികവിദ്യ തുടങ്ങിയ ആശയങ്ങൾ മുന്നോട്ടുവെച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം രൂപകൽപ്പന ചെയ്ത പുകയില്ലാത്ത അടുപ്പ് വിറകടുപ്പുകൾ ഉപയോഗിച്ചിരുന്ന കേരളീയ വീടുകളിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. ഇതിനുപുറമെ കേരളത്തെ സമ്പൂർണ സാക്ഷരമാക്കിയ സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, ഭാരത് ഗ്യാൻ വിഗ്യാൻ സമിതി എന്നിവയ്ക്ക് പിന്നിലും എം.പിയുടെ ദീർഘവീക്ഷണമായിരുന്നു. 1984 ലെ ഭോപ്പാൽ ദുരന്തത്തിന് ശേഷം പരിഷത്തിന്റെ ആയിരത്തോളം പ്രവർത്തകരെ അണിനിരത്തി അദ്ദേഹം സംഘടിപ്പിച്ച 'സയൻസ് ട്രെയിൻ' വ്യവസായത്തെയും പരിസ്ഥിതിയെയും കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് രാജ്യത്ത് തുടക്കമിട്ടു.

ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വികസനം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ വ്യത്യസ്തമായ ചിന്തകളും പ്രായോഗിക പദ്ധതികളും അവതരിപ്പിച്ച് തലമുറകളെ സ്വാധീനിച്ച അപൂർവ്വ വ്യക്തിത്വമായിരുന്നു അദ്ദേഹം. സമാധാനപരമായ ലോകത്തിനും പരിസ്ഥിതി സൗഹൃദ വികസനത്തിനും വേണ്ടി നിലകൊണ്ട എം പി പരമേശ്വരന്റെ വിയോഗം കേരളത്തിന്റെ ശാസ്ത്ര - സാംസ്കാരിക - രാഷ്ട്രീയ മേഖലകൾക്ക് വലിയ നഷ്ടമാണ്.

YouTube video player