കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്മാരുടെ പുനഃസംഘടന; കൊല്ലത്ത് എ,ഐ ഗ്രൂപ്പുകൾക്ക് അതൃപ്തി
കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ചേർന്ന് മണ്ഡലം കമ്മിറ്റികൾ പിടിച്ചെടുത്തെന്നാണ് ജില്ലാ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. പരാതിയുമായി നേതാക്കൾ കെപിസിസിയെ സമീപിച്ചു.

കൊല്ലം: കൊല്ലത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്മാരുടെ പുനഃസംഘടനയിൽ എ, ഐ ഗ്രൂപ്പുകൾക്ക് അതൃപ്തി. കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ചേർന്ന് മണ്ഡലം കമ്മിറ്റികൾ പിടിച്ചെടുത്തെന്നാണ് ജില്ലാ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. പരാതിയുമായി നേതാക്കൾ കെപിസിസിയെ സമീപിച്ചു.
പലതവണ എഴുതിയും വെട്ടിയും കൂട്ടിച്ചേർത്തും ഉണ്ടാക്കിയ പട്ടികയും കൊല്ലത്ത് കൊള്ളില്ലെന്ന് പരമ്പരാഗ ഗ്രൂപ്പുകൾ വിമര്‍ശിക്കുന്നു. 136 മണ്ഡലം പ്രസിന്റുമാരിൽ 133 പേരെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. വീതം വെപ്പിൽ എ ഗ്രൂപ്പിന് 13, രമേശ് ചെന്നിത്തലയുടെ ഐഗ്രൂപ്പിന് 26, 39 പേര് കെ സി വേണുഗോപാലിനൊപ്പം. കൊടിക്കുന്നിലിന്റെ അടുപ്പക്കാർ 22 പേര്‍, കെ സുധാകരന് 10 ഉം, കെ മുരളീധരനൊപ്പമുള്ള ഒരാളുമാണ് പട്ടികയിലുള്ളത്. പട്ടിക പുറത്ത് വന്നതിന് പിന്നാലെ തന്നെ പ്രാദേശിക തലത്തിൽ അസ്വാരസ്യങ്ങൾ തുടങ്ങി. താഴെ തട്ടിലെ പരിഭവങ്ങൾ നേതാക്കൾ ഏറ്റെടുത്തതോടെ തമ്മിലടിയായി. ഇരവിപുരം കൊല്ലം കരുനാഗപ്പള്ളി നിയോജകമണ്ഡലങ്ങളിലെ മണ്ഡലം പ്രസിഡന്റുമാരെ ചൊല്ലിയാണ് രമേശ് വിഭാഗത്തിന്റെ അതൃപ്തി.
ചവറ, ചടയമംഗലം, കുണ്ടറ നിയോജകമണ്ഡലങ്ങളിൽ എ ഗ്രൂപ്പിന്റെ കൈവശമുണ്ടയിരുന്നവയും മറുവിഭാഗം പിടിച്ചെടുത്തെന്ന് എ ഗ്രൂപ്പ് വിമര്‍ശിക്കുന്നു. പലയിടത്തും ജില്ലാ നേതൃത്വം പാനൽ പോലും നൽകിയില്ലെന്നും ഡിസിസി പ്രസിഡന്റ് ഏകപക്ഷീയ നിലപാടെടുത്തെന്നും എ ഐ ഗ്രൂപ്പുകൾ കെപിസിസിക്ക് നൽകിയ പരാതിയിൽ പറയുന്നു. ജില്ലയിൽ നിന്നുള്ള എംഎൽഎമാക്കും പുനഃസംഘടനയിൽ അതൃപ്തിയുണ്ട്. എന്നാൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നു പ്രവർത്തകരുടെ വികാരം മാനിച്ചാണ് പുനസംഘടന നടന്നതെന്നുമാണ് നേതൃത്വത്തിന്റെ വാദം. 20 തവണയാണ് ജില്ലയിൽ പുനഃസംഘടന സമിതി യോഗം ചേർന്നത്.