കാസർകോട്: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരുടെ എണ്ണം കൂടുന്തോറും കാസര്‍കോട് ജില്ലയിലെ ആരോഗ്യ സംവിധാനം സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നേരിടുന്നതിനാൽ, അതിർത്തിക്ക് പുറത്ത് നിന്നും വിദേശത്ത് നിന്നും എത്തുന്നവരെ സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കുന്നതാണ് ജില്ലാ ഭരണകൂടത്തെ വലയ്ക്കുന്നത്.

ജില്ലയിൽ ഹോട്ടലുകളിലും ലോഡ്ജുകളിലുമായി ആകെയുള്ളത് 1851 മുറികള്‍ മാത്രമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് രോഗലക്ഷണങ്ങളോടെ എത്തിയവരും വിദേശത്ത് നിന്ന് എത്തിയവരുമടക്കം 400 ലേറെ പേര്‍ മുറികളിലുണ്ട്. സ്കൂളുകളില്‍ ആകെ തയ്യാറാക്കിയത് 20,000 പേര്‍ക്ക് കഴിയാനുള്ള സൗകര്യമാണ്. 

എന്നാൽ പൊതുശുചിമുറി മാത്രമുള്ള സ്കൂളുകളില്‍ കൂടുതലാളുകളെ പ്രവേശിപ്പിക്കാനാവില്ല. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയും മൂല്യനിര്‍ണയും നടക്കേണ്ടതിനാൽ, ഭൂരിപക്ഷം സൗകര്യവും ഉപയോഗിക്കാനാവില്ല. ജില്ലയുടെ പിന്നോക്കാവസ്ഥ വലിയ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ഭരണ കൂടം.

പരീക്ഷ നടക്കാത്ത മറ്റ് സ്കൂളുകള്‍ ഏറ്റെടുത്താലും വളരെക്കുറവ് സൗകര്യം മാത്രമേ ഉണ്ടാവൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും കൂടുതലാളുകള്‍ എത്തിയാല്‍ നിരീക്ഷണത്തിലാക്കാന്‍ സ്ഥലമില്ലാതെ വരും. ധാരാളം പ്രവാസികളുള്ള ജില്ലയില്‍ സര്‍ക്കാര്‍ നിരീക്ഷണത്തിനുള്ള സൗകര്യം തീരെ കുറഞ്ഞത് വലിയ പ്രതിസന്ധിയാണ് ജില്ലാ ഭരണകൂടത്തിന് ഉണ്ടാക്കിയത്. അതേ സമയം കൊവിഡ് പൊസിറ്റീവ് ആകുന്നവര്‍ക്ക് വേണ്ടി 900 ബെ‍ഡുകള്‍ കാസര്‍കോട് ജില്ലയിലുണ്ട്.