നവംബർ മൂന്നിന് വൈകിട്ടാണ് ആറുവയസുകാരനെ യുവാവ് ക്രൂരമായി ആക്രമിച്ചത്.

തലശ്ശേരി : തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറ് വയസ്സുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ പൊലീസിനെതിരെ നടപടിക്ക് സാധ്യത. തലശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുളളവർക്ക് വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. സംഭവം നടന്ന ദിവസം കസ്റ്റഡിയിൽ എടുത്ത പ്രതിയെ വിട്ടയച്ചത് ഗുരുതര വീഴ്ചയായി. കുട്ടിയെ ചവിട്ടി വീഴ്ത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞിട്ടും ഗൗരവമായി എടുത്തില്ലെന്നും റിപ്പോർട്ട് പറയുന്നു. കണ്ണൂർ റൂറൽ എസ്പി പി ബി രാജീവ്, എഡിജിപിക്ക് റിപ്പോർട്ട് നൽകി.

നവംബർ മൂന്നിന് വൈകിട്ടാണ് ആറുവയസുകാരനെ യുവാവ് ക്രൂരമായി ആക്രമിച്ചത്. തന്‍റെ കാറിൽ ചവിട്ടിയെന്നാരോപിച്ച് പൊന്ന്യം സ്വദേശി മുഹമ്മദ് ഷിനാദ് രാജസ്ഥാൻ സ്വദേശികളായ നാടോടി കുടുംബത്തിലെ ഗണേഷ് എന്ന കുഞ്ഞിനെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ക്രൂര കൃത്യത്തിന്‍റെ ദൃശ്യങ്ങളും സാക്ഷി മൊഴികളുമുണ്ടായിട്ടും തുടക്കത്തിൽ കേസെടുക്കാതെ പൊലീസ് പ്രതിയെ വിട്ടയക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടും ദൃശ്യങ്ങളും പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടികളിലേക്ക് കടന്നതും പ്രതിയെ അറസ്റ്റ് ചെയ്തതും. 

കുട്ടിക്കെതിരെ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്

അതേസമയം കുഞ്ഞിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് കെ സുധാകരൻ ഇന്നലെ രം​ഗത്തെത്തി. പൊലീസിന് ദാസ്യ ബുദ്ധിയെന്ന് സുധാകരൻ പറഞ്ഞു. പട്ടികൾ യജമാനനെ കാണുമ്പോൾ വാലാട്ടുന്നത് പോലെ സിപിഎം നേതാക്കളെ കാണുമ്പോൾ പൊലീസ് വാലാട്ടുന്നു. പൊലീസ് സിപിഎം അടിമകളും ക്രിമിനലുകളുമാണെന്നും സുധാകരൻ ആരോപിച്ചു. സി പി എം ജില്ലാ നേതാക്കന്മാർ തലശ്ശേരി സംഭവത്തിൽ ഇടപെട്ടുവെന്നും പാർട്ടിയിൽ നിന്ന് പോലും പ്രതിഷേധു ഉയർന്നപ്പോഴാണ് നടപടിയെടുത്തതെന്നും സുധാകരൻ കുറ്റപ്പെടുത്തി. കാറിൽ ചാരി നിന്നതിന് മർദ്ദനമേറ്റ കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More : 'തലയ്ക്കടിക്കുന്നത് വ്യക്തം', തലശേരിയിൽ 6 വയസുകാരനെ ആദ്യം അടിച്ചയാളെ അറസ്റ്റ് ചെയ്തു