Asianet News MalayalamAsianet News Malayalam

ക്യാൻസറില്ലാതെ കീമോ: ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

രജനിയെ സ്വകാര്യ ലാബിലേക്ക് അയച്ചത് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വീഴ്ചയാണെന്നാണ് കമ്മീഷന്‍റെ കണ്ടെത്തൽ.

report in chemo for non cancerous person case
Author
Kottayam, First Published Jun 26, 2019, 10:01 PM IST

കോട്ടയം: ക്യാൻസറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. ഡോക്ടര്‍ കെ വി വിശ്വാനാഥന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

നേരത്തെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് ആഭ്യന്തര അന്വേഷണ സമിതി ക്ലീൻചിറ്റ് നല്‍കിയതിനെത്തുടര്‍ന്നാണ് പുറത്തുള്ള അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്. ആലപ്പുഴ കുടശനാട് സ്വദേശി രജനിയെ സ്വകാര്യ ലാബിലേക്ക് അയച്ചത് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വീഴ്ചയാണെന്നാണ് ഡോ. കെ വിശ്വനാഥൻ അധ്യക്ഷനായ കമ്മീഷന്‍റെ കണ്ടെത്തൽ. അപൂര്‍വ്വ രോഗാവസ്ഥ ആയതിനാല്‍ രണ്ടാമതൊരു അഭിപ്രായമായി സര്‍ക്കാര്‍ ലാബിലെ ഫലം കൂടി കാക്കാമായിരുന്നുവെന്നും എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു കീമോ നല്‍കിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. കോട്ടയത്തെ ‍ഡയനോവ ലാബിലെ പതോളജിസ്റ്റിന് രോഗം നിർണ്ണയിക്കുന്നതിൽ വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

അവ്യക്തമായ റിപ്പോര്‍ട്ട് കിട്ടിയപ്പോഴെങ്കിലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ജാഗ്രത കാണിക്കാമായിരുന്നുവെന്ന് പറയുന്ന റിപ്പോർട്ട് കോട്ടയം മെഡിക്കല്‍ കോളേജിലെ പതോളജിസ്റ്റ് വിഭാഗം ശക്തിപ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തു. ഡോ. വിശ്വനാഥന്‍റെ നേതൃത്വത്തിലുള്ള മൂന്നഗം സംഘം രജനിയുടേയും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടേയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് നാളെ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും. തുടര്‍ന്ന് വീഴ്ച പറ്റിയ ഡോക്ടര്‍മാര്‍ക്കെതിരെ എന്ത് നടപടി വേണമെന്ന് തീരുമാനിക്കും.  

മാർച്ച് നാലിനാണ് കുടശനാട് സ്വദേശി രജനി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തുന്നത്. മെഡിക്കൽ കോളേജിലെ ലാബിൽ ബയോപ്സി ചെയ്യുന്നതിനൊപ്പം സ്വകാര്യലാബിലും ടെസ്റ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. സ്വകാര്യലാബിലെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കീമോ തുടങ്ങി. എന്നാൽ മെഡിക്കൽ കോളേജിലെ റിപ്പോർട്ടിൽ രജനിക്ക് ക്യാൻസറില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പരാതിക്കാധാരം. സംഭവത്തില്‍ പൊലീസും അന്വേഷണം നടത്തുന്നുണ്ട്.

Follow Us:
Download App:
  • android
  • ios