Asianet News MalayalamAsianet News Malayalam

നീലേശ്വരം സ്കൂളില്‍ വ്യാപക ക്രമക്കേടെന്ന് റിപ്പോർട്ട്; കൂടുതൽ ഉത്തരക്കടലാസുകൾ തിരുത്തിയതായി സംശയം

വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ റിപ്പോർട്ട് നൽകി. കൂടുതൽ അധ്യാപകരുടെ പങ്ക് അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിർദ്ദേശം.

report on exam fraud teacher written exam for his students
Author
Kozhikode, First Published May 15, 2019, 4:46 PM IST

കോഴിക്കോട്: മുക്കം നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു പരീക്ഷയില്‍ വ്യാപക ക്രമക്കേടെന്ന് വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ട്. കൂടുതൽ ഉത്തരക്കടലാസുകൾ തിരുത്തിയതായി സംശയമുണ്ടെന്നും സംഭവത്തില്‍ കൂടുതൽ അധ്യാപകരുടെ പങ്ക് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യമുണ്ട്. 

അതേസമയം, അധ്യാപകൻ ഉത്തരക്കടലാസ് തിരുത്തിയ പരീക്ഷ റദ്ദാക്കി കൊണ്ട്, വീണ്ടും പരീക്ഷ എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചിട്ടുണ്ട്. രണ്ട് കുട്ടികളോടാണ് ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാൻ അവശ്യപ്പെട്ടത്. തീരുമാനം കുട്ടികളുടെ രക്ഷിതാക്കൾ ആദ്യം എതിർത്തിരുന്നു. വരുന്ന സേ പരീക്ഷയ്ക്ക് ഒപ്പം വീണ്ടും പരീക്ഷ എഴുതാൻ കുട്ടികൾ അപേക്ഷ നൽകി.

മുക്കം നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ നിഷാദ് വി മുഹമ്മദ് വിദ്യാർത്ഥികൾക്കായി പ്ലസ് ടു പരീക്ഷ എഴുതിയെന്ന വാര്‍ത്ത കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് പുറത്തുവന്നത്. നിഷാദ് വി. മുഹമ്മദ് 4 വിദ്യാർത്ഥികൾക്കായി ഹയർ സെക്കണ്ടറി പരീക്ഷ എഴുതുകയും 32 പേരുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്. ഉത്തരക്കടലാസുകളിൽ സമാനമായ കയ്യക്ഷരം കണ്ടതോടെയാണ് മൂല്യ നിർണയം നടത്തിയ അധ്യാപകർക്ക് സംശയം തോന്നിയത്. തുടർന്ന് ഇതേ വിദ്യാർത്ഥികൾ എഴുതിയ മറ്റു വിഷയങ്ങളുടെ ഉത്തരക്കടലാസുകൾ മറ്റു ക്യാംപുകളിൽ നിന്നും വരുത്തി നോക്കിയതോടെ പരീക്ഷ എഴുതിയത് വിദ്യാർത്ഥികളല്ലെന്ന് വ്യക്തമായി. 

സംഭവത്തിൽ നിഷാദ് മുഹമ്മദിനൊപ്പം പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി പ്രിൻസിപ്പലുമായ കെ റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ പി കെ ഫൈസൽ എന്നിവരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻറ് ചെയ്തു. +2 ൽ മൂന്ന് കുട്ടികളുടെയും +1 ൽ 33 കുട്ടികളുടെയും പരീക്ഷഫലം തടഞ്ഞ് വച്ചിരിക്കുകയാണ്. ആകെ പരീക്ഷയെഴുതിയ 174 കുട്ടികളിൽ 23 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടി. രണ്ട് കുട്ടികൾ തോറ്റു.

Follow Us:
Download App:
  • android
  • ios