തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കുന്നതിനിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ തിരുവനന്തപുരം റൂറൽ എസ്പി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സംഭവിച്ച കാര്യങ്ങളും പൊലീസ് നടപടികളും വിശദീകരിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരുവനന്തപുരം റേഞ്ച് ഡിഐജിക്കാണ് എസ്‍പി ബി അശോകൻ റിപ്പോർട്ട് കൈമാറിയത്. മരിച്ച രാജന്‍റെ മക്കൾക്ക് വീടും സ്ഥലവും നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇരുവർക്കും അഞ്ചുലക്ഷം വീതം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. 

നെട്ടത്തോളം ലക്ഷം വീട് കോളിനിയിൽ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് തന്നെ വീട് വേണമെന്നാണ് രാജന്‍റെ മക്കളുടെ ആവശ്യം. എന്നാൽ ഭൂമി സംബന്ധിച്ച തർക്കം കോടതിയിലായതിനാൽ ഈ ആവശ്യം ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് മന്ത്രിസഭ വിലയിരുത്തി. ലൈഫ് പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവിൽ വീട് വച്ച് നൽകാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഇക്കാര്യം മന്ത്രി കെ കെ ശൈലജ നേരിട്ടെത്തി രാജന്‍റെ മക്കളെ അറിയിച്ചു.