ഇടുക്കി: രാജമലയിൽ മണ്ണിനടിയിൽപ്പെട്ടവർക്കായി നാലാം ദിവസമായ ഇന്നും തെരച്ചിൽ തുടരും. ഇനി 27 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ 17 മൃതദേഹം കണ്ടെത്തിയതോടെ മരിച്ചവരുടെ എണ്ണം 43 ആയി. വലിയ പാറക്കൂട്ടങ്ങളാണ് നിലവിലെ തെരച്ചിലിന് തടസ്സം. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചും രക്ഷാപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാൻ ആണ് ശ്രമം. സമീപത്തെ പുഴയിൽ ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലും ഇന്നും തുടരും

മൂന്നാർ പെട്ടിമുടിയിൽ തെരച്ചിലിനെത്തിയ മുഴുവൻ രക്ഷാപ്രവർത്തകർക്കും കൊവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾ തമിഴ്നാട്ടിൽ നിന്ന് കൂട്ടത്തോടെ എത്തുന്ന സാഹചര്യത്തിലാണിത്. അതേസമയം കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അഗ്നിശമന സേനാ ജീവനക്കാരന് കാര്യമായ സമ്പർക്കം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി.

മൂന്നാറിലെ തോട്ടം തൊഴിലാളികളിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽ നിന്നെത്തിയവരാണ്. പെട്ടിമുടിയിൽ മണ്ണിനടിയിൽപ്പെട്ടവരും അങ്ങനെ തന്നെ. ഇവരെ അവസാനമായി ഒരു നോക്ക് കാണാൻ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബന്ധുക്കൾ എത്തിക്കൊണ്ടേയിരിക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാട്ടിൽനിന്ന് ഇത്തരത്തിൽ 1000ൽ അധികം പേരെങ്കിലും എത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്നാട്ടിൽ നിന്നുള്ളവരെ ചെക്പോസ്റ്റുകളിൽ നിന്നും കടത്തി വിടുന്നത്. 

നൂറിലേറെ വരുന്ന പൊലീസും അഗ്നിശമന സേനാ ജീവനക്കാരും' അൻപതിലേറെ റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും നിലവിൽ പെട്ടിമുടിയിലുണ്ട്. ഇവർക്ക് ഘട്ടം ഘട്ടമായാകും ആന്റിജൻ പരിശോധന നടത്തുക. ഇന്നലെ 10 പേർക്ക് പരിശോധന നടത്തിയിരുന്നു. ആർക്കും കൊവിഡ് പൊസിറ്റീവ് ഇല്ലെന്നത് ആശ്വാസമായി. 

പെട്ടിമുടിയിൽ തെരച്ചിലിനെത്തിയ ആലപ്പുഴയിൽ നിന്നുള്ള അഗ്നിശമന സേനാഗത്തിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സംഘത്തെ പൂർണ്ണമായും ക്വാറന്റെനിലാക്കി. ഈ സംഘത്തിലുള്ളവരുമായല്ലാതെ ഇയാൾക്ക് പ്രാഥമിക സമ്പർക്കം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായതും ആശ്വാസമായി.