Asianet News MalayalamAsianet News Malayalam

പൊലീസില്‍ അഴിച്ചു പണി: കൊച്ചി,കോഴിക്കോട്, തിരുവനന്തപുരം കമ്മീഷണര്‍മാരെ മാറ്റി

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. തിരുവനന്തപുരം നഗരത്തില്‍ രണ്ട് മാസത്തിനിടെ വരുന്ന മൂന്നാമത്തെ കമ്മീഷണറാണ് സഞ്ജയ് കുമാര്‍ ഗരുഡിന്‍. 

reshuffle in police new commissioners for kozhikode kochi and trivandrum
Author
Thiruvananthapuram, First Published Mar 6, 2019, 8:15 PM IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള പൊലീസില്‍ വീണ്ടും അഴിച്ചു പണി. എഡിജിപിമാര്‍ മുതല്‍ കമ്മീഷണര്‍മാര്‍ വരെയുള്ള അഴിച്ചു പണിയുടെ ഭാഗമായി സ്ഥലം മാറ്റിയിട്ടുണ്ട്. നേരത്തെ കേരള പൊലീസില്‍ നടപ്പാക്കാന്‍ തീരുമാനിച്ച ഘടനാമാറ്റം തല്‍കാലം മരവിപ്പിച്ചു. പുതിയ ഘടന തെരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരും. അതുവരെ നിലവിലെ ഘടന തുടരും. 

ഇതിന്‍റെ ഭാഗമായി ഉത്തരമേഖല ദക്ഷിണമേഖല എഡിജിപിമാരെ മാറ്റി നിയമിച്ചു. മനോജ് എബ്രഹാം ദക്ഷിണാമേഖല എഡിജിപിയായി തുടരും. ഷെയ്ഖ് ദര്‍വേസ് സാഹിബ് ഉത്തരമേഖല എഡിജിപിയാവും. നിലവില്‍ ക്രൈംബ്രാഞ്ച് എഡിജിപിമാരാണ് ഇരുവരും. 

അശോക് യാദവ് ഐപിഎസിനെ തിരുവനന്തപുരം റേയ്ഞ്ച് ഐജിയായും, എം.ആര്‍.അജിത്ത് കുമാറിനെ കണ്ണൂര്‍ റെയ്ഞ്ച് ഐജിയായും, ബല്‍റാം കുമാര്‍ ഉപാധ്യായയെ തൃശ്ശൂര്‍ റേയ്ഞ്ച് ഐജിയായും നിയമിച്ചു. തിരുവന്തപുരം കമ്മീഷണര്‍ സ്ഥാനത്ത് നിന്നും പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയ ഡിഐജി എസ്.സുരേന്ദ്രനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. 

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. തിരുവനന്തപുരം നഗരത്തില്‍ രണ്ട് മാസത്തിനിടെ വരുന്ന മൂന്നാമത്തെ കമ്മീഷണറാണ് സഞ്ജയ് കുമാര്‍ ഗരുഡിന്‍. സഞ്ജയ് കുമാര്‍ ഗരുഡിന് പകരം എവി ജോര്‍ജിനെയാണ് പുതിയ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണസംഘത്തെ നയിച്ച എവി ജോര്‍ജ് പിന്നീട് വാരാപ്പുഴ കസ്റ്റഡി മരണക്കേസിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്നു. സസ്പെന്‍ഷന് ശേഷം മടങ്ങിയെത്തിയ എവി ജോര്‍ജിനെ ആദ്യം ഇന്‍റലിജന്‍സിലും പിന്നീട് പൊലീസ് അക്കാദമിയിലും ആണ് നിയമിച്ചത്.  ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് ജോര്‍ജിനെ ഇപ്പോള്‍ ക്രമസമാധാനപാലന രംഗത്തേക്ക് മാറ്റി നിയമിക്കുന്നത്. എറണാകുളം റൂറല്‍ എസ്പി ആവുന്നതിന് മുന്‍പ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി ജോര്‍ജ് പ്രവര്‍ത്തിച്ചിരുന്നു.  
 

Follow Us:
Download App:
  • android
  • ios