കൊച്ചി: മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാരെ മറ്റന്നാള്‍ കുടിയൊഴിപ്പിക്കില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക്  ശേഷവും സര്‍ക്കാര്‍ നിര്‍ദ്ദേശവും ലഭിച്ചതിന് ശേഷമായിരിക്കും ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാരെ കുടിയൊഴിപ്പിക്കുക. ഈ മാസം 29 മുതല്‍ ഫ്ലാറ്റിലുള്ളവരെ കുടിയൊഴിപ്പിക്കാനായിരുന്നു തീരുമാനം. നാല് ദിവസത്തിനകം നാല് ഫ്ലാറ്റുകളിലേയും മുഴുവന്‍ ആളുകളേയും ഒഴിപ്പിച്ച് ഒക്ടോബര്‍ 11 മുതല്‍ ഫ്ളാറ്റുകള്‍ പൊളിച്ച് തുടങ്ങാനായിരുന്നു തീരുമാനം.

ഫ്ലാറ്റുടമകൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും ഏതെങ്കിലും ഗോഡൗണില്‍ താമസിക്കാന്‍ ഒരുക്കമല്ലെന്നും മതിയായ നഷ്ടപരിഹാരം കിട്ടാതെ ഫ്ലാറ്റുകള്‍ ഒഴിഞ്ഞു പോകില്ലെന്ന നിലപാടിലുമാണ് മരടിലെ ഫ്ലാറ്റ് ഉടമകള്‍. ഫ്ലാറ്റില്‍ താമസിക്കുന്നവരുടെ കാര്യം ഇപ്പോഴെങ്കിലും കോടതി ഓര്‍ത്തതില്‍ നന്ദിയുണ്ടെന്ന് ഫ്ലാറ്റ് ഉടമകള്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അംഗീകരിക്കാനാവില്ല. തങ്ങള്‍ ചെലവഴിച്ച പണത്തിന്‍റെ അഞ്ചിലൊന്ന് ഇത്  വരില്ലെന്നാണ് ഫ്ലാറ്റ് ഉടമകള്‍ പറയുന്നത്. 

എന്നാല്‍ മരട് ഫ്ലാറ്റ് പൊളിയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിർണായകമായ ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നാലാഴ്ചയ്ക്ക് അകം ഫ്ലാറ്റുടമകൾക്ക് ഈ തുക സംസ്ഥാനസർക്കാർ കൊടുത്തുതീർക്കണം. അതിൽ പിഴവുണ്ടാകാൻ പാടില്ല. പിന്നീട് ഈ തുക തീരദേശ സംരക്ഷണ നിയമം കാറ്റിൽ പറത്തി ഫ്ലാറ്റുകൾ നിർമിച്ച നിർമാതാക്കളിൽ നിന്ന് ഈടാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

ഇപ്പോൾ നൽകുന്ന 25 ലക്ഷം രൂപ എന്നത് താൽക്കാലിക നഷ്ടപരിഹാരം മാത്രമാണ്. നഷ്ടം കണക്കാക്കി ബാക്കിയെത്ര തുക നഷ്ടപരിഹാരം നൽകണമെന്ന് കണക്കാക്കാൻ വിരമിച്ച ഒരു ജഡ്ജി അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പൊളിയ്ക്കൽ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത് കൂടി ഈ കമ്മിറ്റിയുടെ ചുമതലയാണ്. ഈ സമിതിയിൽ ആരൊക്കെ വേണമെന്ന് സർക്കാരിന് ശുപാർശ ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Read Also: മരട് ഫ്ലാറ്റുടമകൾക്ക് 25 ലക്ഷം താൽക്കാലിക നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ് 

അതേസമയം ഫ്ലാറ്റുകള്‍ പൊളിക്കാന്‍ താല്‍പ്പര്യ പത്രം നല്‍കിയ  ഏജന്‍സികളുടെ പ്രതിനിധികളുമായി നഗരസഭാ സെക്രട്ടറി സ്നേഹില്‍ കുമാര്‍ സിംഗ് ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. ഫ്ലാറ്റ് പൊളിക്കാന്‍ തയ്യാറായി 15 കമ്പനികളാണ് മുന്നോട്ട് വന്നത്. ഇവരില്‍ ആറ് കമ്പനികള്‍ക്ക് യോഗ്യതയുണ്ടെന്ന് കണ്ടെത്തി. ഇവരുടെ പ്രതിനിധികളുമായി നഗരസഭാ സെക്രട്ടറി സ്നേഹില്‍ കുമാര്‍ സിംഗ് ഇന്ന് ചര്‍ച്ച നടത്തിയത്. കെട്ടിടങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച വിഡീയോ പ്രസന്‍റേഷനും ഉണ്ടായിരുന്നു. 

സ്ഫോടക വസ്തുക്കളേക്കാള്‍ യന്ത്രങ്ങള്‍ ഉപോയഗിച്ച് ഫ്ലാറ്റുകള്‍  പൊളിക്കുന്നതിനോടാണ് നഗരസഭക്ക് താല്‍പ്പര്യമെന്ന് സ്നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. എല്ലാ ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിക്കാന്‍ ഒരു കമ്പിനിയെ തന്നെ ഏല്പ്പിക്കണമോ എന്ന കാര്യം സര്‍ക്കാരുമായി ആലോചിക്കും. അടുത്ത മാസം 11 മുതല്‍  കെട്ടിടങ്ങള്‍ പൊളിക്കാന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.