ആലപ്പുഴ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിഷാദാണ് 24 കാരന്റെ ജീവൻ രക്ഷിച്ചത്. ആ സംഭവത്തെക്കുറിച്ച് നിഷാദ് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചതിങ്ങനെ

ആലപ്പുഴ: ട്രെയിനിന് മുന്നിൽചാടി ആത്മഹത്യചെയ്യാൻ ശ്രമിച്ച യുവാവിനെ തിരിച്ചു വിളിച്ച് രക്ഷപ്പെടുത്തിയ ആ പൊലീസ് ഉദ്യോ​ഗസ്ഥൻ ഇവിടെയുണ്ട്. ആലപ്പുഴ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിഷാദാണ് 24 കാരന്റെ ജീവൻ രക്ഷിച്ചത്. ആ സംഭവത്തെക്കുറിച്ച് നിഷാദ് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചതിങ്ങനെ

''രാവിലെ ഏഴ് മണിയായപ്പോൾ എനിക്ക് സ്റ്റേഷനീന്ന് ഒരു കോൾ വന്നു. ഒരു മിസിം​ഗ് പരാതി വന്നിട്ടുണ്ട്, ഫോൺനമ്പർ ഇട്ട് ലൊക്കേഷൻ എടുത്ത് നോക്കാൻ പറഞ്ഞ് സ്റ്റേഷനിൽ നിന്നും വിനയൻ സാറാണ് വിളിച്ചത്. സാധാരണ മിസിം​ഗ് പോലെ സാറ്റലൈറ്റ് ലൊക്കേഷൻ നോക്കുമ്പോൾ ഈ ഫോൺ ഒരു ട്രാക്കിന്റെ സമീപത്താണ് കാണുന്നത്. ഞാനാദ്യം ഓർത്തത് ട്രാക്കിന്റെ സമീപത്ത് കൂടെ വണ്ടിയിൽ പോകുന്നതായിരിക്കും എന്ന്. പിന്നെ നോക്കിയപ്പോൾ ലൊക്കേഷൻ മൂവ് അല്ല, അതേ ലൊക്കേഷനിൽ തന്നെ കിടക്കുന്നു. അപ്പോ എനിക്ക് ഒരു സംശയം തോന്നി. അയാൾക്ക് എന്തേലും സംഭവിച്ചിട്ട് ഫോൺ അവിടെ വീണുകിടക്കുന്നതാണെന്ന് തോന്നി. അല്ലെങ്കിൽ ഇയാൾ എന്തെങ്കിലും ചെയ്യാൻ നിൽക്കുകയായിരിക്കും എന്ന്. ഞാനപ്പോ തന്നെ ഇട്ടിരുന്ന ഡ്രസിൽ തന്നെ ബൈക്കുമെടുത്ത് ഇറങ്ങി. ലൊക്കേഷനടുത്ത് നോക്കുമ്പോൾ റെയിൽവേ ​ഗേറ്റ് അടച്ചുകിടക്കുന്നു. വരുന്ന ട്രെയിൻ ബ്ലോക്ക് ചെയ്യാൻ പറ്റുമോന്ന് ​ഗേറ്റ് കീപ്പറോട് ചോദിച്ചപ്പോൾ പറ്റില്ലെന്ന് പറഞ്ഞു. ഫോൺ ട്രാക്കിന് സമീപം ലൊക്കേഷൻ കാണിക്കുന്നുണ്ടെന്ന് പറഞ്ഞു. പുള്ളി ദൂരേക്ക് നോക്കിയിട്ട് പറഞ്ഞു. ഒരു പയ്യൻ അങ്ങ് ട്രാക്കിനടുത്ത് നിൽക്കുന്നുണ്ടെന്ന്. പിന്നെ ഞാൻ ട്രാക്കിലൂടെ ഓടി. പയ്യൻ ട്രെയിന് സമീപം ചാടാനൊരുങ്ങുന്നത് കണ്ടു. ചാടല്ലേഡാന്ന് ഞാൻ അലറി വിളിച്ചു. ഭാ​ഗ്യത്തിന് അവൻ ചാടിയില്ല. ഞാൻ ചെന്നില്ലായിരുന്നെങ്കിൽ അവൻ മരിക്കും. എനിക്ക് ജീവിതം മടുത്ത് എന്നാണവൻ എന്നോട് പറഞ്ഞത്. ഞാനവനോട് പറഞ്ഞു, നീ പൂർണ ആരോ​ഗ്യവാനാണ്. നിനക്കെല്ലാം നേടിയെടുക്കാൻ പറ്റും. പ്രശ്നങ്ങളുണ്ടെങ്കിൽ അത് മറ്റുള്ളവരോട് ഷെയർ ചെയ്യണം. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും.'' നിഷാദിന്റെ വാക്കുകൾ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

'ഡാ ചാടെല്ലെടാ പ്ലീസ്'; ട്രെയിനിന് മുന്നിൽ ചാടാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ച ആ വിളി