കൊവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ നാളെ കളക്ടറെ കണ്ട് തീരുമാനം അറിയിക്കുമെന്ന് കേരള ഹോട്ടൽ ആന്‍റ് റെസ്റ്റോറൻ്റ് അസോസിയേഷന്‍.

മലപ്പുറം: മലപ്പുറത്ത് ഹോട്ടലുകൾ ജൂലൈ 15 വരെ തുറക്കില്ല. ഹോട്ടലുകള്‍ നിന്ന് പാർസർ സർവീസുകൾ മാത്രമാണ് ലഭ്യമാകുക. കേരള ഹോട്ടൽ ആന്‍റ് റെസ്റ്റോറൻ്റ് അസോസിയേഷന്‍റേതാണ് തീരുമാനം. കൊവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ നാളെ കളക്ടറെ കണ്ട് തീരുമാനം അറിയിക്കുമെന്ന് കേരള ഹോട്ടൽ ആന്‍റ് റെസ്റ്റോറൻ്റ് അസോസിയേഷന്‍ അറിയിച്ചു.

ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 12 പേരില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിക്ക് രോഗം സ്ഥിരീകരിച്ചതോടെ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറും സബ് ഇന്‍സ്പക്ടറും അടക്കം ഒമ്പത് പൊലീസുകാര്‍ക്കാണ് ക്വാറന്‍റീനിലേക്ക് പോകേണ്ടി വന്നത്. ആറ് പേര്‍ വിദേശത്ത് നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിയ പന്ത്രണ്ട് പേര്‍ക്കാണ് ഇന്നലെ മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ എടപ്പാളില്‍ ഭിക്ഷാടനം നടത്തുന്ന സേലം സ്വദേശി 80 കാരനും, കുറ്റിപ്പുറം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

എടപ്പാളില്‍ ഭിക്ഷാടനം നടത്തിവന്ന ആള്‍ക്ക് രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്കയാണ് ആരോഗ്യവകുപ്പിന് ഉണ്ടാക്കുന്നത്. തെരുവില്‍ അലഞ്ഞു തിരിഞ്ഞ് നടന്നതും വീടുകളില്‍ ഭിക്ഷാടനത്തിനുപോയതുമായി വലിയ സമ്പര്‍ക്കപട്ടികയാണ് പ്രാഥമിക വിലയിരുത്തലില്‍ തന്നെ ആരോഗ്യവകുപ്പിന് കിട്ടിയിട്ടുള്ളത്. ആരൊക്കെയായി സമ്പര്‍ക്കമുണ്ടായെന്ന് കൃത്യമായി പറയാൻ ഇദ്ദേഹത്തിന് സാധിക്കാത്തതും ആരോഗ്യവകുപ്പിനെ കുഴക്കുന്നുണ്ട്. 

മോഷണക്കേസില്‍ ജൂണ്‍ ഒന്നിന് അറസ്റ്റിലായ കുറ്റിപ്പുറം പുഴമ്പുറം സ്വദേശി 43 കാരന് റിമാന്‍ഡിന് മുമ്പായി നടത്തിയ വൈദ്യ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ ഇയാളുമായി അടുത്തിടപഴകിയ സ്റ്റേഷനിലെ പൊലീസുകാരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാരാക്കി. പ്രതിയെ സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ 18 പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നുവെങ്കിലും സ്റ്റേഷൻ ഹൗസ് ഓഫീസറും സബ് ഇൻസ്പെക്ടറും അടക്കം ഒമ്പതുപേരാണ് പ്രതിയുമായി സമ്പര്‍ക്കമുണ്ടായത്. ഇവരോട് ക്വാറന്‍റീനില്‍ പോകാൻ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.