തിരുവനന്തപുരം: തിരുവനന്തപുരം തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. തീരം അപകടാവസ്ഥയിലായതിനെ തുടർന്ന് ശംഖുമുഖത്ത് കർക്കിടക വാവ് ബലിതര്‍പ്പണത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

കാലവർഷം ശക്തിപ്രാപിച്ചതോടെ ഒരാഴ്ചയായി കടൽക്ഷോഭവും രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരം, വർക്കല, ചിറയിൻകീഴ് താലൂക്കുകളിലാണ് ജില്ലയിൽ കടലാക്രമണം ശക്തമായത്. ആറ് ക്യാമ്പുകളിലായി 173 കുടുംബങ്ങളെയാണ് ജില്ലയിൽ മാറ്റിപ്പാർപ്പിച്ചത്. ഇവയിലേറെയും വലിയതുറ ഭാഗത്തുളളവരാണ്. ഒരാഴ്ചത്തേക്കാണ് തീരത്ത് വിനോദസഞ്ചാരികളെ വിലക്കിയതെങ്കിലും തീരം സുരക്ഷിതമാകുന്നതുവരെ നിയന്ത്രണം തുടരാനാണ് നിലവിലെ തീരുമാനം. 

പതിവായി ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന ശംഖുമുഖത്തെ കടവ് അപകടനിലയിലാണ്. കടല്‍കെട്ടുകളടക്കം തകരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇവിടെ ബലിതര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. ബലിതര്‍പ്പണത്തിനായി വര്‍ക്കല, തിരുവല്ലം, അരുവിക്കര, അരുവിപ്പുറം തുടങ്ങി ജില്ലയിലെ മറ്റു സ്‌നാനഘട്ടങ്ങള്‍ ജനങ്ങൾ തെരഞ്ഞെടുക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെ‍ട്ടു.

ബലിതര്‍പ്പണത്തിന് നല്‍കുന്ന പാസുകളില്‍ ശംഖമുഖത്തെ അപകടാവസ്ഥ സംബന്ധിച്ച് ജനങ്ങൾക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നൽകും. കടല്‍ക്ഷോഭത്തെ ചെറുക്കാന്‍ കഴിയുന്ന രീതിയില്‍ ശംഖുമുഖത്ത് റോഡ് പുനർനിർമ്മിക്കുന്നതും ജില്ലാഭരണകൂടത്തിന്‍റെ പരിഗണനയിലാണ്.