കൊച്ചി: മത്സ്യത്തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളം മുനമ്പത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണം. നിലവിൽ മത്സ്യബന്ധനത്തിന് പോയവർക്ക് അനുമതിയോടെ നാളെ മത്സ്യം വിൽക്കാം. മറ്റന്നാള്‍ മുതൽ മൂന്ന് ദിവസത്തേയ്ക്ക് മത്സ്യ തൊഴിലാളികൾക്ക് രോഗ പരിശോധന നടത്തും.

അതേസമയം തലശ്ശേരിയിൽ നിന്ന് മത്സ്യ ബന്ധനത്തിനായി ബോട്ടിൽ കടലിൽ പോയ മത്സ്യതൊഴിലാളിയെ കാണാതായി.  കൊല്ലം പയറ്റുവിള സ്വദേശി  വി സുരേഷ് കുമാറിനെ (55)യാണ് കാണാതായത്. സെപ്റ്റംബർ ഒന്നിനാണ് കടലിൽ പോയത്. സുരേഷിന്‍റെ കൂടെയുണ്ടായിരുന്ന  റോയ് ബാബു ഡിക്രൂസിന്‍റെ പരാതിയിൽ തീരദേശ പൊലീസ് കേസെടുത്തു.   

കാർത്തിക് , തിരുവനന്തപുരം സ്വദേശി ബാബു, ഡിക്രൂസ് , എന്നിവർക്കൊപ്പമാണ് സുരേഷ് കുമാർ കടലിൽ പോയത്. രാത്രി പത്ത് മണിയോടെ കടലിൽ വലയിട്ട് എല്ലാവരും ബോട്ടിൽ കിടന്നുറങ്ങി. പുലർച്ചെ ഉറക്കമുണർന്നപ്പോൾ സുരേഷ് കുമാറിനെ കാണാനില്ലായിരുന്നു. കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെൻറ് എന്നീ സേനകളുടെ സഹായത്തോടെ കോസ്റ്റൽ പൊലീസ് തിരച്ചിൽ തുടങ്ങി.