കൊച്ചി: സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശനത്തിന് നിയന്ത്രണം. ഒരു സമയം പരമാവധി ഏഴുപേര്‍ക്ക് മാത്രമായിരിക്കും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശിക്കാന്‍ കഴിയുക. നിലവില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുന്‍പില്‍ നീണ്ട ക്യൂവാണ്. ചെറുകടകളില്‍ സാധാരണ തിരക്ക് മാത്രമാണുള്ളത്.

സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്. ആളുകൾ പുറത്തിറങ്ങരുത്, പൊതു ഗതാഗത സംവിധാനങ്ങൾ ഉണ്ടാകില്ല, സ്വകാര്യ വാഹനങ്ങൾ തടയില്ല, പുറത്തിറങ്ങുന്നവര്‍ ശാരിരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അവശ്യ സാധനങ്ങൾ ഉറപ്പ് വരുത്താൻ നടപടി എടുക്കും.