Asianet News MalayalamAsianet News Malayalam

മുൻമന്ത്രിയെ ഫേസ്ബുക്കിൽ വിമർശിച്ചതിന് വിരമിച്ചിട്ടും പ്രതികാരം; പെൻഷനിൽ നിന്ന് മാസം 500 രൂപ പിടിക്കാൻ ഉത്തരവ്

പാലക്കാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിലെ മുൻ പേഴ്സണൽ അസിസ്റ്റൻറ് മുഹമ്മദാലിയുടെ പെൻഷൻ തുകയിൽ നിന്ന് മാസം 500 രൂപ പിടിക്കണമെന്നാണ് ഉത്തരവ്.

Revenge for criticizing former minister m m mani and speaker on Facebook Order to deduct Rs 500 per month from pension SSM
Author
First Published Dec 22, 2023, 8:51 AM IST

തിരുവനന്തപുരം: മുന്‍ മന്ത്രിയെ ഫേസ്ബുക്കിലൂടെ വിമർശിച്ചതിന്‍റെ പേരിൽ വിരമിച്ച ശേഷവും സർക്കാർ ഉദ്യോഗസ്ഥനെ വിടാതെ സർക്കാർ. പാലക്കാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിലെ മുൻ പേഴ്സണൽ അസിസ്റ്റൻറ് മുഹമ്മദാലിയുടെ പെൻഷൻ തുകയിൽ നിന്ന് മാസം 500 രൂപ പിടിക്കണമെന്നാണ് ഉത്തരവ്. എൻജിഒ യൂണിയൻ അംഗമായിരുന്ന ജീവനക്കാരനെതിരെയാണ് നടപടി

മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരൻ സർവ്വീസ് ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടിട്ടും ഒരു നടപടിയുമില്ലാതിരിക്കെയാണ് പ്രതികൂലിക്കുന്നവരോടുള്ള സർക്കാരിന്റെ കടുത്ത നടപടി. പാലക്കാട് ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിൽ സീനിയർ സൂപ്രണ്ടായിരിക്കെ ഇട്ട രണ്ട് പോസ്റ്റുകളാണ് മുഹമ്മദാലിക്ക് വിനയായത്.

അന്ന് വൈദ്യുത മന്ത്രി എം എം മണിക്കും സ്പീക്കറായിരുന്ന ശ്രീരാകൃഷ്ണനുമെതിരെയായിരുന്നു പരോക്ഷമായ പോസ്റ്റുകള്‍. മണിയുടെ ചിരിയെ കുറിച്ചും ശ്രീരാമകൃഷ്ണൻ കണ്ണട വാങ്ങിയതിനും എതിരെയായിരുന്നു പോസ്റ്റ്. എൻജിഒ യൂണിയൻ അംഗം കൂടിയായ മുഹമ്മദാലിയുടെ പോസ്റ്റിനെതിരെ പൊലീസിലും വകുപ്പിലും പരാതിയെത്തി. പൊലീസ് കേസിൽ കോടതിയിൽ കുറ്റസമ്മതം നടത്തി മുഹമ്മദാലി 3000 രൂപ പിഴയുമടച്ചു. പക്ഷെ വകുപ്പ് വിട്ടില്ല

2021ല്‍ മുഹമ്മദാലി സർവീസിൽ നിന്ന് വിരമിച്ചു. പിന്നെയും വകുപ്പ് തല അന്വേഷണം തുടർന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നടത്തിയ ഹിയറിംഗിൽ മുഹമ്മദാലി മാപ്പ് അപേക്ഷിച്ച് വിശദീകരണം നൽകി. ഗുരുതര സ്വഭാവത്തിലുള്ളതല്ല തെറ്റ് എന്നാണ് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ പെരുമാറ്റ ചട്ടത്തെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പെൻഷൻ തുകയിൽ നിന്നും പ്രതിമാസം 500 രൂപ പിടിക്കാനുള്ള ഉത്തരവ്.

36 വർഷത്തെ സർവീസുണ്ട് മുഹമ്മദാലിക്ക്. വിമർശിച്ചത് സർക്കാർ നയത്തെ അല്ലാതിരുന്നിട്ട് കൂടി മുഹമ്മദാലിക്കെതിരെ നടപടിയുണ്ടായി എന്നതാണ് പ്രത്യേകത. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് മുഹമ്മദലി ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios