മുട്ടിൽ മരംമുറി കേസ്; പിഴ ചുമത്തി റവന്യൂ വകുപ്പ്; 35 കേസുകളിലായി 8 കോടിയോളം രൂപ പിഴ ചുമത്തി
ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടുൽ നടപടി ആരംഭിക്കുമെന്നും നോട്ടീസിൽ പറയുന്നു.
വയനാട്: മുട്ടിൽ മരംമുറിക്കേസിൽ റോജി അഗസ്റ്റിനടക്കം 35 പേർക്കെതിരെ പിഴ ചുമത്തി റവന്യൂ വകുപ്പ്. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമാണ് പിഴയടയ്ക്കാൻ നോട്ടീസ് നൽകിയത്. മുറിച്ചു കടത്തിയ മരത്തിൻ്റെ മൂന്നിരട്ടിയാണ് പിഴത്തുകയായി ഈടാക്കുക. 35 കേസുകളിലായി എട്ടുകോടിയോളം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഒരുമാസത്തിനകം പിഴയൊടുക്കണമെന്നാണ് നോട്ടീസ്. തുക അടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും മുന്നറിയിപ്പ്. റോജി കർഷകരെ കബളിപ്പിച്ചാണ് മരംമുറിച്ചു കൊണ്ടുപോയത്. അവർക്കും പിഴ നോട്ടീസ് കിട്ടിയിട്ടുണ്ട്.
നിലവിൽ മുട്ടിൽ മരംമുറിക്കേസ് പ്രതികളിലെ റോജി അഗസ്റ്റിന് മാത്രമാണ് നോട്ടീസ് കിട്ടിയത്. ആൻ്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും ഉൾപ്പെട്ട 27 കേസുകളിൽ മരത്തിൻ്റെ വിലനിർണയം അവസാനഘട്ടത്തിലാണ് . വിലനിശ്ചിയിച്ചു കഴിഞ്ഞാൽ, അവർക്കും പിഴചുമത്തും. ഭൂവുടമകൾക്കും ഇടനിലക്കാർക്കുമെതിരെയെല്ലാം കെഎൽസി ആക്ട് പ്രകാരം നടപടിയെടുത്തിട്ടുണ്ട്. പലകർഷകരുടെ പേരിലും വ്യാജ അപേക്ഷ തയ്യാറാക്കിയാണ് റോജി അഗസ്റ്റിൻ പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങൾ മുറിച്ചു കടത്തിയത്. ഇവരെ കെഎൽസി നടപടികളിൽ നിന്ന് ഒഴിവാക്കണമെങ്കിൽ റവന്യൂവകുപ്പ് പ്രത്യേക ഉത്തരവിറക്കേണ്ടിവരും.
മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലാണ ് കെഎൽസി നടപടി പുരോഗമിക്കുന്നത്. 04 മരങ്ങളാണ് മുട്ടിൽ സൌത്ത് വില്ലേജിൽ നിന്ന് അഗസ്റ്റിൻ സഹോദരങ്ങൾ മുറിച്ചു കടത്തിയത്. 570 വർഷംവരെ പഴക്കമുള്ള മരങ്ങളാണ് ഇവയെന്ന് ഡിഎൻഎ പരിശോധനയിലൂടെ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇവയിപ്പോൾ കുപ്പാടിയിലെ വനം തടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്. താനൂർ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വൈകാതെ കേസിൽ കുറ്റപത്രം നൽകും. ഒപ്പം റവന്യൂ നടപടികൾ കൂടി വന്നതിനാൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ ശക്തമായ നിയമ നടപടികൾ നേരിടേണ്ടിവരും.