1977ന് മുമ്പ്  കരമടച്ചതിന്‍റെ രേഖയുണ്ടായിട്ടും വനഭൂമിയാണെന്ന വാദം ഉന്നയിച്ച് ഇരുനൂറോളം കര്‍ഷകരുടെ കരം സ്വീകരിക്കുന്നില്ല. വനഭൂമിയല്ലെന്ന് തെളിയിക്കാന്‍ കാലദൈര്‍ഘ്യമുള്ള കൃഷി ഈ സ്ഥലങ്ങളിലില്ലെന്നാണ് വനംവകുപ്പിന്‍റെ വിചിത്ര വാദം

കോഴിക്കോട്: ചെമ്പനോടയിലെ കര്‍ഷക ആത്മഹത്യക്ക് ശേഷവും ഭൂനികുതി പ്രശ്നത്തില്‍ കണ്ണുതുറക്കാതെ റവന്യു വനം വകുപ്പുകള്‍. 1977ന് മുമ്പ് കരമടച്ചതിന്‍റെ രേഖയുണ്ടായിട്ടും വനഭൂമിയാണെന്ന വാദം ഉന്നയിച്ച് ഇരുനൂറോളം കര്‍ഷകരുടെ കരം സ്വീകരിക്കുന്നില്ല. വനഭൂമിയല്ലെന്ന് തെളിയിക്കാന്‍ കാലദൈര്‍ഘ്യമുള്ള കൃഷി ഈ സ്ഥലങ്ങളിലില്ലെന്നാണ് വനംവകുപ്പിന്‍റെ വിചിത്ര വാദം . 

വനംവകുപ്പിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് ഭൂനികുതി സ്വീകരിക്കാത്ത റവന്യൂ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ചെമ്പനോടയിലെ കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്തിട്ട് ഒന്നരവര്‍ഷം പിന്നിടുകയാണ്. ജെസിയെന്ന വിധവ വില്ലേജ് ഓഫീസ് മുതല്‍കളക്ട്രേറ്റ് വരെ ദിവസേന കയറിയിറങ്ങുകയാണ്. 2002 മുതല്‍ ഒന്നരയേക്കര്‍ സ്ഥലത്തിന്‍റെ കരം വില്ലേജ് ഓഫീസ് സ്വീകരിക്കാത്തതാണ് പ്രശ്നം. 1977 ന് മുന്‍പേ സ്ഥലം കൈവശമുള്ളതിന്‍റെ രേഖകള്‍ കാട്ടിയിട്ടും ജസിയുടെ പരാതിക്ക് പരിഹാരമില്ല.

1976 മുതല്‍ കരമടച്ച രേഖയുണ്ടായിട്ടും കരിയാത്തുംപാറയിലെ തോമസിനും വനംവകുപ്പിന്‍റെ നിലപാട് തിരിച്ചടിയായി. പത്ത് വര്‍ഷത്തിലേറെയായി തോമസിന്‍റെ ഒരേക്കര്‍ 98 സെന്‍റിന്‍റെ കരമെടുക്കുന്നില്ല. ജെസിയും തോമസും മാത്രമല്ല കൂരാച്ചുണ്ട്, കാന്തലാട്, ചക്കിട്ടപ്പാറ വില്ലേജുകളിലെ 198 കുംടുംബങ്ങള്‍പ്രതിസന്ധി നേരിടുകയാണ്. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന്‍റെ പരിധിയിലാണ് ഈ വില്ലേജുകള്‍. 77 ന് മുന്‍പ് ഭൂമി കര്‍ഷകരുടെ കൈവശമുള്ളതാണെന്ന റവന്യൂ രേഖകള്‍ ഉണ്ടെങ്കില്‍ ഭൂനികുതി സ്വീകരിക്കണമെന്ന് കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് 2018 മാര്‍ച്ച് 21 ന് വിളിച്ച യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. 

സംശയമുള്ള കേസുകളില്‍ റവന്യൂ- വനംവകുപ്പുകളോട് പരിശോധന നടത്താനും നിര്‍ദ്ദേശിച്ചു. റവന്യൂ രേഖകള്‍ സ്ഥിരീകരിച്ചെങ്കിലും വിചിത്രവാദം ഉയര്‍ത്തി കരമെടുക്കുന്നത് വനംവകുപ്പ് തടയുകയായിരുന്നു. സ്ഥലത്തിന്‍റെ പ്രായം തെളിയിക്കുന്ന കൃഷി ഇവരുടെ ഭൂമിയിലില്ലെന്ന വനംവകുപ്പിന്‍റെ റിപ്പോര്‍ട്ട് ജില്ലാ കളകടര്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്തു.