തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ എല്ലാ റവന്യൂ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകാൻ റവന്യൂ സെക്രട്ടറിയുടെ നിർദ്ദേശം. അവധിയിലുള്ള ഉദ്യോഗസ്ഥർ അവധി റദ്ദാക്കി ജോലിക്ക് ഹാജരാകണം. കൊവിഡ് ഡ്യൂട്ടിയിൽ നിന്നും റവന്യൂ ഉദ്യോഗസ്ഥരെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ജോലിയിലേക്ക് വിന്യസിക്കാനും, മറ്റ് വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാനും റവന്യൂ സെക്രട്ടറി ഉത്തരവിറക്കി. 

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കനത്ത മഴതുടരുകയാണ്. മഴ ക്യാമ്പുകളിൽ 3530 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൊത്തം 11446 പേരാണ് ക്യാമ്പുകളിലുള്ളത്. വയനാട്ടിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകള്‍ ഉള്ളത്. 69 ക്യാമ്പുകളിലായി 3795 പേരെയാണ് ഇവിടേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. പത്തനംതിട്ടയിൽ 43 ക്യാമ്പുകളിലായി 1015 പേരെയും കോട്ടയത്ത് 38 ക്യാമ്പുകളിലായി 801 പേരെയും എറണാകുളത്ത് 30 ക്യാമ്പുകളിലായി 852 പേരെയുമാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. മലപ്പുറത്ത് 18 ക്യാമ്പുകളിലായി 890 പേരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.