Asianet News MalayalamAsianet News Malayalam

മദ്യപിച്ചും മൊബൈലില്‍ സംസാരിച്ചും വാഹനം ഓടിച്ചാല്‍ കുടുങ്ങും; പുതിയ പിഴത്തുക ഇങ്ങനെ

മദ്യപിച്ച് വാഹമോടിക്കുന്നതിനുമുള്ള പിഴയില്‍ മാറ്റമില്ല. ഹെല്‍മറ്റ്, സീറ്റ് ബല്‍റ്റ് ധരിക്കാത്തതിനുള്ള പിഴ പകുതിയാക്കി. മൊബൈല്‍ ഫോൺ ഉപയോഗിച്ചാല്‍ 2000 രൂപ പിഴ അടയ്ക്കണം.

revised motor vehicle fines reduced in kerala
Author
Thiruvananthapuram, First Published Oct 23, 2019, 1:00 PM IST

തിരുവനന്തപുരം: ഗാതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയിലെ അനിശ്ചിതത്വം അവസാനിച്ചു. സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറക്കുവാൻ തീരുമാനമായി. ഹെല്‍മറ്റ്, സീറ്റ് ബല്‍റ്റ് എന്നിവ ധരിക്കാത്തതിനുള്ള പിഴ പകുതിയാക്കി കുറച്ചു. മദ്യപിച്ച് വാഹമോടിക്കുന്നതിനുമുള്ള പിഴയില്‍ മാറ്റമില്ല. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.

കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് കനത്ത പിഴ കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഹെല്‍മറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തതിന് 1000 രൂപ പിഴയെന്നത് 500 രൂപയാക്കി കുറച്ചു. അമിത വേഗത്തിനുള്ള ആദ്യനിയമലംഘനത്തിന് 1500 രൂപയാണ് പിഴ. ആവര്‍ത്തിച്ചാല്‍ 3000 രൂപ പിഴ നല്‍കണം. അമിതഭാരം കയറ്റുന്നതിനുള്ള പിഴ 20000 രൂപയില്‍ നിന്ന് പതിനായിരമാക്കി കുറച്ചു. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോൺ ഉപയോഗിച്ചാല്‍ 2000 രൂപ പിഴ അടയ്ക്കണം. നേരത്തെ ഇത് 3000 രൂപയായിരുന്നു. കുറ്റം ആവർത്തിച്ചാൽ 10,000 രൂപ എന്നത് 5000 രൂപയാക്കി കുറച്ചു. 

മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പതിനായിരം രൂപ പിഴയില്‍ ‍മാറ്റമില്ല. പന്തയ ഓട്ടം നടത്തുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴയും പകുതിയാക്കി കുറച്ചു. 10000 രൂപയില്‍ നിന്ന് 5000 രൂപയാക്കിയാണ് പിഴ കുറച്ചത്. ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നതിനായുള്ള ആദ്യ കുറ്റത്തിന് 2000 രൂപ പിഴ അടയ്ക്കണം. ആവർത്തിച്ചാലുള്ള പിഴത്തുകയില്‍ മാറ്റമില്ല. 4000 രൂപ പിഴ നൽകണം. മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിലാതെ വാഹനമോടിക്കൽ 2000 രൂപ പിഴ അടയ്ക്കണം. നേരത്തെ ഇത് 10,000 രൂപയായിരുന്നു. 

സെപ്റ്റംബര്‍ ഒന്നിനാണ് കേന്ദ്ര മോട്ടോര്‍  വാഹന നിയമഭേദഗതി നിലവില്‍ വന്നത്. കേരളം ഇതനുസരിച്ചുള്ള വിജ്ഞാപനമിറക്കി ഉയര്‍ന്ന പിഴ ഈടാക്കാന്‍ തുടങ്ങി. എന്നാല്‍ പ്രതിഷേധം വ്യാപകമായതോടെ വാഹന പരിശോധന നിര്‍ത്തിവച്ചു. ഗുരുതര നിയമലംഘനങ്ങളില്‍ കേസെടുത്ത് കോടതിയിലേക്ക് അയക്കുകയായിരുന്നു. ഗതാഗത വകുപ്പിന്‍റേയും നിയമസെക്രട്ടറിയുടേയും റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പിഴ കുറക്കാന്‍ തീരുമാനമായത്. പെരുമാറ്റചട്ടം നിലവില്‍ വന്നതിനാലാണ് തീരുമാനം ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവച്ചത്.

Follow Us:
Download App:
  • android
  • ios