Asianet News MalayalamAsianet News Malayalam

റിഫ മെഹ്‍നുവിന്റെ മരണം; ആത്മഹത്യാ പ്രേരണാ കേസിൽ ഭർത്താവ് മെഹ്‍നാസ് മൊയ്തു അറസ്റ്റിൽ

മെഹ്‍നാസിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കാസർകോട്ടെ മെഹ്‍നാസിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും

Rifa Mehnu suicide, Mehnaz Moidu arrested and remanded in Police custody
Author
Kozhikode, First Published Aug 11, 2022, 12:22 PM IST

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്‍നു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് മെഹ്‍നാസ് മൊയ്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മെഹ്‍നാസിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ കാസർകോട്ടെ മെഹ്‍നാസിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആത്മഹത്യാ പ്രേരണാകേസില്‍ അറസ്റ്റിനെതിരെ മെഹ്നാസ്  നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. മെഹ്നാസിനെ പോക്സോ കേസിൽ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോഴിക്കോട് കാക്കൂർ പൊലീസ് മെഹ്‍നാസ് മൊയ്തുവിനെ അറസ്റ്റ് ചെയ്തത്. 

മാർച്ച്‌ ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്‍നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുൾപ്പെടെ റിഫയുടെ ഭർത്താവ് മെഹ്‍നാസ് അസ്വാഭാവികത കാണിച്ച് തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെയാണ് ഖബര്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് മെയ് 7ന് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. റിഫ തൂങ്ങി മരിച്ചതാണെന്നായാരുന്നു പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മെഹ്‍‍നാസിന്റെ പീഡനമാണ് റിഫയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഈ കേസിന്‍റെ അന്വേഷണത്തിനിടയിലാണ് റിഫക്ക് പ്രായപൂര്‍ത്തിയാകും മുമ്പാണ് അവരെ മെഹ്നാസ്  വിവാഹം ചെയ്തതെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് മെഹ്നാസ് അറസ്റ്റിലായത്.

സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് റിഫയും മെഹ്‍നാസും പരിചയപ്പെട്ടത്. വിവാഹിതരായ ഇരുവരും ജനുവരിയിലാണ് ദുബായിലെത്തിയത്. അവിടെ ഒരു പർദ്ദ കമ്പനിയിൽ റിഫയ്ക്ക് ജോലി ലഭിച്ചിരുന്നു. കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്‍നാസ് മൊയ്തു. റിഫ കോഴിക്കോട് സ്വദേശിയും. ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. 

 

Follow Us:
Download App:
  • android
  • ios