പാലക്കാട്: അധ്യക്ഷ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി അധികാരത്തിലെത്തിയ പാലക്കാട് നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ സംബന്ധിച്ച് അനിശ്ചിതത്വം. പാര്‍ട്ടിക്കകത്തെ തര്‍ക്കമാണ് തീരുമാനം വൈകാന്‍ കാരണമെന്നാണ് സൂചന. തിങ്കളാഴ്ച രാവിലെ 9ന് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കളുടെ വിശദീകരണം

കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെങ്കിലും ഗ്രൂപ്പ് വഴക്കാണ് പാലക്കാട്ടെ കീറാമുട്ടി. അതുകൊണ്ടു തന്നെ ചെയര്‍ പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ പ്രഖ്യാപനതില്‍ അനിശ്ചിതത്വവും സസ്‌പെന്‍സും തുടരുകയാണ്. ജോര്‍ജ് കുര്യന്റെ നേത്യത്വത്തില്‍ നഗരസഭയിലെ കൗണ്‍സിലര്‍മാരുടെ വോട്ടെടുപ്പ് നടത്തിയിരുന്നു. കൗണ്‍സിലര്‍ ടി. ബേബിക്കാണ് ചെയര്‍ പേഴ്‌സണ്‍ സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രന്റെ അടുത്ത അനുയായി സ്മിതേഷിനാണ് കൂടുതല്‍ പിന്തുണ. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഒരു വിഭാഗം തയ്യറായില്ല. സമവായത്തിലെത്താന്‍ സംസ്ഥാന നേതൃത്വം ശ്രമിച്ചെങ്കിലും പരാജയപെട്ടു.

തുടര്‍ന്ന് സംഘടന ചുമതലയുള്ള ബിഎല്‍ സന്തോഷിന് അന്തിമ തീരുമാനം വിട്ടു. ഓരോ കൗണ്‍സിലര്‍മാരില്‍ നിന്നും ബിജെപി ജില്ലാ നേതാക്കളില്‍ നിന്നും വരെ അഭിപ്രായം തേടി. രാവിലെ 9 മണിക്ക് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തിരുമാനം പ്രഖ്യാപിക്കും. ടി. ബേബി, മിനി കൃഷ്ണകുമാര്‍, പ്രിയ, പ്രമീള ശശിധരന്‍ എന്നിവരില്‍ ഒരാള്‍ ചെയര്‍ പേഴ്‌സണ്‍ ആകും. സ്മിതേഷ്‌നാണ് കൗണ്‍സിലര്‍മാരുടെ പിന്തുണ യെങ്കിലും സമവായത്തിന് ഭാഗമായി ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ.കൃഷ്ണദാസ് വൈസ് ചെയര്‍മാന്‍ ആകുമെന്നാണ് സൂചന.