കോഴിക്കോട്: സൗദിയില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ സമദ് കൊവിഡ് ബാധിച്ച് മരിച്ചതോടെ അനാഥമായത് ഒരു കുടുംബമാണ്. ഇവർക്ക് ആകെയുണ്ടായിരുന്ന വരുമാനമാണ് എന്നെന്നേയ്ക്കുമായി നിലച്ചു പോയത്. കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ട്കാവ് വടക്കെവളപ്പില്‍ പ്രവാസിയായ കുടുംബനാഥന്‍ അബ്ദുല്‍ സമദ് കൊവിഡ് മൂലം മരിച്ചതോടെ കുട്ടികളുടെ വിദ്യാഭ്യാസം പോലും പ്രതിസന്ധിയിലായിരിക്കുകയാണ്.

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന റിന്‍ഷാദിനും പ്ലസ് ടുവിന് പഠിക്കുന്ന സഹോദരി ഫാത്തിമ ഷഹാനയ്ക്കും ഉമ്മ ഷാഹിനയ്ക്കും ഇനി എന്ത് ചെയ്യണമെന്നറിയില്ല. 13 വര്‍ഷത്തെ പ്രവാസ ജീവിതം കൊണ്ട് കൊയിലാണ്ടി ചെങ്ങോട്ട്കാവ് വടക്കെവളപ്പില്‍ അബ്ദുല്‍ സമദ് സ്വന്തമാക്കിയത് ഈ വീട് മാത്രം. അതും പന്ത്രണ്ട് ലക്ഷം രൂപ കടത്തില്‍. റിന്‍ഷാദിനും ഷഹാനയ്ക്കും പഠിക്കണം. വീടിന്‍റെ കടം വീട്ടണം. സുമനസുകളുടെ സഹായമുണ്ടായാലേ ഈ പ്രവാസിയുടെ കുടുംബത്തിന് ഇനി ജീവിതം മുന്നോട്ട് കൊണ്ട്പോകാനാകൂ.